ബേപ്പൂരില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി
ഫറോക്ക്: ശക്തമായ കടല്‍ക്ഷോഭത്തില്‍ ബേപ്പൂരില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ബേപ്പൂര്‍ ഇടച്ചിറ തോട് മുതല്‍ ഗോതീശ്വരം ക്ഷേത്രം വരെയുള്ള സ്ഥലങ്ങളിലാണ് രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നത്. കടലാക്രമണത്തെ തൂടര്‍ന്നു ചില വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. കുറച്ചു ദിവസങ്ങളായി ശക്തമായ തിരയടിക്കുന്നുണ്ടെങ്കിലും ഞായറാഴ്ച രാത്രിയോടെയാണ് കടലാക്രമണം രൂക്ഷമായത്. കടല്‍ഭത്തി ഉയരം കുറഞ്ഞ മേഖലകളിലാണ് കടല്‍ വെള്ളം ഇരച്ചുകയറി വീടുകളിലെത്തുന്നത്. 15 വീടുകള്‍ ഇപ്പോള്‍ വെള്ളം കയറിയ നിലയിലാണ്.
കടല്‍ വെള്ളം കയറി ഏതാനും വീടുകള്‍ താമസിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ചില വീടുകളുടെ അടുക്കള, ശുചിമുറി എന്നവയിലേക്കാണ് വെള്ളം കയറുന്നത്. ശക്തമായ തിരയടിയില്‍ വീടുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. വേലിയേറ്റ സമയത്ത് വീടുകളുടെ രണ്ടിരിട്ടി പൊക്കത്തിലാണ് കരയിലേക്ക് തിരയെത്തുന്നത്. ഗോതീശ്വരം റോഡിലൂടെ കടല്‍വെള്ളം ഒഴുകുകയാണ്. വീടുകളുടെ വളപ്പിലെല്ലാം കടല്‍വെള്ളം കെട്ടിനില്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയേക്കും.
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ കടല്‍ഭിത്തി നിര്‍മിച്ചത്. കാലപ്പഴക്കത്താല്‍ കടല്‍ഭിത്തിയുടെ ഉയരം കുറഞ്ഞതാണ് തീരദേശവാസികള്‍ക്ക് ഭീഷണിയായത്. ഇവിടെ കടല്‍ ഭിത്തി ഉയരും കൂട്ടുകയും ചെറിയ പുലിമുട്ട് നിര്‍മിച്ചാല്‍ മാത്രമെ കടലാക്രമണത്തെ ചെറുക്കാന്‍ സാധിക്കൂവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ തീരദേശ റോഡിന് സമീപമുള്ള മുഴവന്‍ വീടുകളും കടല്‍ കൊണ്ടുപോകുമെന്നും പ്രദേശവാസികള്‍ പറയുന്നു.
പ്രദേശത്തെ മുപ്പതിലേറെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കുന്നത്ത് ശിവന്‍, തേവര്‍കണ്ടി രാജേഷ്, നെല്ലുക്കുന്നത്തില്‍ ലക്ഷമണന്‍, അറക്കല്‍ കല്യാണി, പൂക്കോട്ട് ഗോവിന്ദന്‍, ചെറോടത്തില്‍ ആണ്ടി, പിലാക്കല്‍ സുജീഷ്, കൊളങ്ങോത്ത് പത്മിനി, കല്ലിങ്ങല്‍ സുശീല, കാരന്തൂര്‍ ബാലന്‍, മാക്കാനാരി മിനി, റീത്ത കാരന്തൂര്‍, കാച്ചിലാട്ട് രവി, പ്രകാശന്‍, കുനിയില്‍ അപ്പുട്ടി എന്നിവരുടെ വീടുകളിലേക്കാണ് കടല്‍വെള്ളം കയറുന്നത്. കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ജനപ്രതിനിധികളും വില്ലേജ് ഓഫിസറും സന്ദര്‍ശിച്ചു. വിശദമായ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് വില്ലേജ് ഓഫിസര്‍ സി. അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."