നിര്‍ധന രോഗികളെ സഹായിക്കാന്‍ പുസ്തകങ്ങള്‍ സംഭാവന നല്കി എട്ടാംക്ലാസുകാരന്
മട്ടാഞ്ചേരി: താന്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന പഴയ പാഠപുസ്തകങ്ങള്‍ നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സംഭാവന നല്കി എട്ടാം ക്ലാസുകാരന് മാതൃകായി. എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെ താന്‍ ഉപയോഗിച്ചിരുന്ന നോട്ട് ബുക്കും ടെക്സ്റ്റ് ബുക്കും കളയാതെ തന്റെ പഠനകാലത്തെ ഓര്‍മകള്‍ക്കായി സൂക്ഷിക്കുകയായിരുന്നു ഫോര്‍ട്ട്കൊച്ചി സെന്റ് പോള്‍സ് സ്ക്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയായ മുഹമ്മദ് യാസിന്. ഇതിനിടയിലാണ് ഗുരുതര രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി കാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചിന് വികസന വേദിയുടെ മെഡിക്കല്‍ എയ്ഡ് ഗ്രൂപ്പ് പഴയ ബുക്കുകളും അതുപോലെ പത്രങ്ങളും ശേഖരിക്കുന്ന വിവരം അറിയുന്നത്.
യാസിന്റെ കൈയില്‍ ഉണ്ടായിരുന്നത് താന്‍ സൂക്ഷിച്ചുവച്ചിരുന്ന പുസ്തകങ്ങള്‍ മാത്രമായിരുന്നു. ഉടന്‍ സംഘടന ഭാരവാഹികളെ യാസിന് ഫോണില്‍ വിളിച്ച് തന്റെ പുസ്തകങ്ങള്‍ നല്കാന് സന്നദ്ധത അറിയിച്ചു. ഭാരവാഹികളായ അയൂബ് സുലൈമാന്‍, വിന്‍സെന്റ് ജോര്‍ജ്ജ് എന്നിവര്‍ മുഹമ്മദ് യാസിന്റെ വസതിയിലെത്തി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഇനി സുഹൃത്തുക്കളുടെ കൈയിലുള്ള പഴയ പുസ്തകങ്ങളും ശേഖരിക്കുവാനുള്ള തയാറെടുപ്പിലാണ് യാസിന്. ഇങ്ങനെ ലഭിക്കുന്ന വസ്തുക്കള്‍ വിറ്റും ഗ്രൂപ്പിലെ അംഗങ്ങള്‍ എല്ലാ മാസവും നിശ്ചിത തുക നല്‍കിയുമാണ് മെഡിക്കല്‍ എയ്ഡ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് മാസം മുമ്പ് ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ എയ്ഡ് ഗ്രൂപ്പ് വഴി പത്തിലേറെ പേരെ സഹായിക്കാന്‍ കഴിഞ്ഞതായി മെഡിക്കല്‍ എയ്ഡ് ചെയര്പേഴ്സന് സൗമ്യ അബ്ദു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."