തകരാറിലായ വിമാനത്തിന് പകരം എന്‍ജിന്‍ റോഡ് മാര്‍ഗം കരിപ്പൂരിലെത്തിക്കും
കൊണ്ടോട്ടി: കരിപ്പൂരില്‍ ടേക്ക്ഓഫിനിടെ തകരാറിലായ എയര്‍ ഇന്ത്യയുടെ വിമാനത്തിനുള്ള പുതിയ എന്‍ജിന്‍ ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗം കരിപ്പൂരിലേക്ക്. പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്ന എയര്‍ ഇന്ത്യയുടെ എ.ഐ-937 വിമാനത്തിന്റെ എന്‍ജിനും ചക്രവുമായാണ് പ്രത്യേക കണ്ടെയിനര്‍ ദില്ലിയിലെ എയര്‍ഇന്ത്യാ കാര്യാലയത്തില്‍ നിന്ന് റോഡ് മാര്‍ഗം പുറപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ചെക്ക്‌പോസ്റ്റുകള്‍ കടന്ന് എന്‍ജിന്‍ കരിപ്പൂരിലെത്താന്‍ രണ്ടാഴ്ച എടുക്കും.
സാധാരണ ഗതിയില്‍ വിമാനങ്ങളില്‍ തന്നെയാണ് തകരാറിലായ എന്‍ജിനും മറ്റു ഉപകരണങ്ങളും എത്തിക്കാറുള്ളത്. ഇതിനായി പ്രത്യേക വിമാനങ്ങള്‍ തന്നെയുണ്ട്. എന്നാല്‍ എന്‍ജിന്‍ കൊണ്ടുവരാന്‍ ഇത്തരത്തിലുള്ള വലിയ വിമാനം വേണമെന്നതിനാല്‍ എയര്‍ഇന്ത്യക്ക് ഇത് സാധ്യമല്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ വിമാന കമ്പനികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗം എന്‍ജിന്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
പുതിയ എന്‍ജിന്‍ എത്തുന്നതുവരെ വിമാനം റണ്‍വേ ഏപ്രണില്‍ നിര്‍ത്തിയിടും. എന്‍ജിന്‍ എത്തിയ ശേഷം മുംബൈയില്‍ നിന്നുള്ള വിദഗ്ധ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തകരാര്‍ പരിഹരിക്കുക. വിമാനത്തിന്റെ ഇടത് എന്‍ജിനാണ് തകരാറിലായത്. ഇത് പൂര്‍ണമായും മാറ്റണം. തകരാര്‍ തീര്‍ത്ത് വിമാനം മുംബൈയില്‍ എത്തിച്ച് പരിശോധനകള്‍ക്ക് ശേഷം മാത്രമെ സര്‍വിസിനായി ഉപയോഗിക്കുകയുളളൂ. അതിനിടെ രണ്ടാഴ്ചയോളം റണ്‍വേ ഏപ്രണില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കനത്ത വാടകയാണ് എയര്‍ ഇന്ത്യ നല്‍കേണ്ടി വരിക.
കഴിഞ്ഞ തിങ്കളാഴ്ച കരിപ്പൂരില്‍ നിന്ന് 186 യാത്രക്കാരുമായി പറന്നുയരാന്‍ റണ്‍വേയിലേക്ക് നീങ്ങിയ എയര്‍ഇന്ത്യയുടെ വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
വിമാനം റണ്‍വേയിലൂടെ 600 മീറ്റര്‍ നീങ്ങി വേഗതയില്‍ കുതിക്കാനുളള തയാറെടുപ്പിനിടെയാണ് ഇടതു ഭാഗത്തെ എന്‍ജിന്‍ ഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറി തെറിച്ചത്. ആടിയുലഞ്ഞ വിമാനം റണ്‍വേയുടെ വശത്തെ ലൈറ്റിലൂടെ കയറിയിറങ്ങി ചക്രവും തകരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."