തോട്ടം മേഖലയുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് ഡീന്‍ കുര്യാക്കോസ്
പീരുമേട്: തോട്ടം മേഖലയില്‍ ആവേശ തിരയിളക്കം സൃഷ്ടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം. ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും തിലകക്കുറി അണിയിച്ചും തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. പര്യടനം കടന്നു വന്ന വഴിയോരങ്ങളില്‍ കൊടിതോരണങ്ങളും പ്ലക്കാര്‍ഡുകളും കൈയിലേന്തി പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് കാത്തു നിന്നത്.
സ്വീകരണ തിരക്കുകള്‍ മൂലം മണിക്കൂറുകള്‍ വൈകിയാണ് സ്ഥാനാര്‍ഥി എത്തുന്ന തെങ്കിലും കനത്ത ചൂടിലും തളരാതെ ആവേശപൂര്‍വമാണ് ആളുകള്‍ കാത്തിരുന്നത്. തൊഴിലാളികളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥാനാര്‍ഥി അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. തോട്ടം മേഖലയിലെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ കൂടെ നില്‍ക്കുമെന്ന് സ്ഥാനാര്‍ഥി തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി.
യുവാക്കളുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ഒരോ സ്വീകരണ കേന്ദ്രങ്ങിലേയ്ക്കും സ്ഥാനാര്‍ഥിയെ ആനയിച്ചത്. മുത്തുക്കുടയും വാദ്യമേളങ്ങളും സ്വീകരണ ചടങ്ങുകള്‍ക്ക് കൊഴുപ്പേകി.
ഓശാന ഞായറായ ഇന്നലെ രാവിലെ ഏലപ്പാറ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലും കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്ത ശേഷം ബോണക്കാട് എസ്റ്റേറ്റേറ്റില് നിന്നാണ് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്.
മുന്‍ ഡി.സി.സി പ്രഡിഡന്റ് ജോയി തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.ടി തോമസ്, അലക്സ് കോഴിമല, സി.പി മാത്യു, മാര്ട്ടിന് മാണി, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, എം. ഷാഹുല്‍ ഹമീദ് പങ്കെടുത്തു.
തുടര്‍ന്നു കോലാഹലമേട്, വാഗമണ്‍, ഉപ്പുതറ, ഏലപ്പാറ, പാമ്പനാര്‍, പെരുവന്താനം മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏറ്റു വാങ്ങി നാരകംപുഴയില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."