മിഠായിത്തെരുവ് സൗന്ദര്യവത്കരണം; പ്രവൃത്തി രാപകല്‍ ഭേദമില്ലാതെ പദ്ധതിയുടെ ആദ്യഘട്ടം മെയ് രണ്ടിന് തുടങ്ങും
കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി മെയ് രണ്ടിന് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള ഡ്രെയിനേജ് നിര്‍മാണവും ബി.എസ്.എന്‍.എല്‍, വൈദ്യുതി, ഫയര്‍, കേബിള്‍ വയറുകളുമെല്ലാം ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയുടെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ 50 മീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. എട്ടു ഘട്ടങ്ങളായി മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തീകരിക്കും. 20 ദിവസത്തെ കാലയളവാണ് ഇതിനു പ്രതീക്ഷിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ എസ്.കെ. പൊറ്റെക്കാട്ട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടക്കുന്നത്.
പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതം വീതിയില്‍ കോണ്‍ക്രീറ്റ് ഡ്രെയിനേജുകള്‍ക്ക് മുകളില്‍ സെമി പോളീഷ്ഡ് ഗ്രാനൈറ്റ് പാകും. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളെല്ലാം കച്ചവടക്കാര്‍ക്ക് പ്രയാസമാകാത്ത തരത്തില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. രാവും പകലും ജോലി ചെയ്ത് നിര്‍മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തികിരക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാറുകാര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു.
തെരുവിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുത്തുള്ള സൗന്ദര്യവത്കരണമാണ് നടത്തുന്നത്. 3.64 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഇലക്ട്രിക്കല്‍ വയറുകളെല്ലാം മാറ്റുമെങ്കിലും താല്‍ക്കാലികമായി വൈദ്യുതി വിതരണ സംവിധാനവും ജലവിതരണത്തിന് താല്‍ക്കാലിക സംവിധാനവും ഒരുക്കും. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ടി. ജെനില്‍കുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ എം.വി കുഞ്ഞിരാമന്‍, ആര്‍ക്കിടെക്ട് കെ. പ്രസന്നന്‍, അഡിഷണല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരി, വ്യാപാരിവ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രധിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."