അമ്പലപ്പള്ളി: രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും ജ്വലിച്ചുനിന്ന വ്യക്തിത്വം
കോഴിക്കോട്: പത്രപ്രവര്‍ത്തന രംഗത്തും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു അമ്പലപ്പള്ളി മാമുക്കോയ. എഴുപതുകളിലെ തീക്ഷ്ണമായ രാഷ്ട്രീയത്തില്‍ തന്റെ ഭാഗദേയം നിര്‍വഹിച്ച അമ്പലപ്പള്ളി സ്വാതന്ത്ര്യസമര സേനാനിയായ പിതാവില്‍ നിന്നാണ് ഊര്‍ജം ഉള്‍ക്കൊണ്ടത്. കെ.എസ്.യുവിലൂടെയാണ് അമ്പലപ്പള്ളി രാഷ്ട്രീയത്തിലെത്തിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എ.സി ഷണ്മുഖദാസ് എന്നിവര്‍ക്കൊപ്പം മലബാറില്‍ കെ.എസ്.യുവിനെ നയിച്ചവരില്‍ പ്രമുഖനായിരുന്നു അമ്പലപ്പള്ളി. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീടാണ് മാധ്യമരംഗത്ത് സ്ഥാനമുറപ്പിച്ചത്.
1968ല്‍ പത്രപ്രവര്‍ത്തനമാരംഭിച്ച മാമുക്കോയ 1999ല്‍ വീക്ഷണത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫായാണ് വിരമിക്കുന്നത്. അല്‍ അമീന്‍ പത്രത്തിലൂടെ രംഗപ്രവേശം ചെയ്ത അദ്ദേഹം കുറച്ചുനാള്‍ കേരള കൗമുദിയില്‍ ജോലിചെയ്ത ശേഷം വീക്ഷണം കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ ജില്ലാ ബ്യൂറോയിലെത്തുകയായിരുന്നു. നന്നേ ചെറുപ്രായത്തില്‍ രാഷ്ട്രീയം തലക്ക പിടിച്ച അദ്ദേഹം കോഴിക്കോട് കോര്‍പറേഷനിലേക്ക് മത്സരിച്ചിരുന്നു. ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുക്കുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ഇ.എം.എസ്, ഇ.കെ നായനാര്‍, പി.കെ.വി തുടങ്ങിയ നേതാക്കളുമായും അടുത്തബന്ധം സൂക്ഷിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ രംഗത്തും അമ്പലപ്പള്ളി സജീവമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ സംസ്ഥാന ഭാരവാഹിയായും കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹം അഖിലേന്ത്യാ സംഘടനയായ ഐ.എഫ്.ഡബ്ല്യു.ജെ കേന്ദ്രസമിതി അംഗവുമായിരുന്നു. സംസ്ഥാന പത്രപ്രവര്‍ത്തക ഉപദേശക സമിതി, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിശ്രമകാലത്ത് സാംസ്‌കാരിക മേഖലയില്‍ സജീവ ഇടപെടല്‍ നടത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത മാസികയുടെ പത്രാധിപരും സീനിയര്‍ ജേണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
അമ്പലപ്പള്ളിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.കെ രാഘവന്‍ എം പി, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, വീക്ഷണം എം.ഡി പി.ടി തോമസ്, അഡ്വ. ടി. സിദ്ദിഖ്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."