കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ചു
കക്കയം: സംസ്ഥാനത്തു ഊര്‍ജ സ്വയംപര്യാപ്തതയ്ക്കായി കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യതി മന്ത്രി എം.എം മണി പറഞ്ഞു. കക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലവൈദ്യുത പദ്ധതികളെയാണ് സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നത്. പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കും. മറ്റു പദ്ധതികളെ അപേക്ഷിച്ച് ചെലവു കുറച്ച് ജനങ്ങള്‍ക്ക് വൈദ്യുതി കൊടുക്കാന്‍ കഴിയുന്നതാണ് ജലവൈദ്യുത പദ്ധതി. അതിരപ്പിള്ളി പദ്ധതിക്ക് എല്ലാ അംഗീകാരവും ഉണ്ടെങ്കിലും എതിര്‍പ്പുകള്‍ കാരണം തുടങ്ങാന്‍ കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഊര്‍ജപ്രതിസന്ധി മറികടക്കുന്നതിനാണ് സംസ്ഥാനത്ത് ഊര്‍ജമിഷന്‍ കേരള ആരംഭിക്കുന്നത്. അഞ്ചിന മാര്‍ഗങ്ങളാണ് ഇതില്‍ നിര്‍ദേശിക്കുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി സൗരോര്‍ജം ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. ഇപ്പോള്‍ 130 മെഗാവാട്ടാണ് സോളാര്‍ എനര്‍ജി വഴി ഉല്‍പാദിപ്പിക്കുന്നത്. 500 മെഗാവാട്ട് പുരപ്പുറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉല്‍പാദിപ്പിക്കും.
പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പരമാവധി ചെറുകിട വൈദ്യുതി പദ്ധതികള്‍ ആരംഭിക്കുന്നതിനോടൊപ്പം സൗരോര്‍ജ വൈദ്യുതി പൊതുജന സഹകരണത്തോടെ ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളും പൊതുജനങ്ങളും സൗരോര്‍ജം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന അധികവൈദ്യുതി ബോര്‍ഡ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുസമൂഹത്തില്‍ ഊര്‍ജരംഗത്തു പുതിയ ചലനമുണ്ടാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. സൗരോര്‍ജ പദ്ധതികള്‍ എല്ലാവര്‍ക്കും ആരംഭിക്കുന്നതിനു സഹായം വൈദ്യുതി ബോര്‍ഡ് നല്‍കും.
തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടാക്കുന്നത്. ഓഖി ദുരന്തത്തിലും വലിയ നാശനഷ്ടമുണ്ടായി. വൈദ്യുതിവിഭാഗം ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായാണ് പ്രവര്‍ത്തിക്കുന്നത്.
സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയും വൈദ്യുതി കട്ടില്ലാതെയും ലോഡ്‌ഷെഡിങ് ഇല്ലാതെയും സംസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ നേട്ടമാണ്. 8.5 ലക്ഷം വൈദ്യുതി കണക്ഷന്‍ സംസ്ഥാന മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം കൊടുത്തിട്ടുണ്ട്. ഊര്‍ജം ഏതു മാര്‍ഗത്തിലും ഉല്‍പാദിപ്പിക്കും. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ 18 ജീവനക്കാര്‍ക്ക് ഗുഡ് സര്‍വിസ് എന്‍ട്രി നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നല്ലസേവനം നല്‍കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കും. പ്രവര്‍ത്തിക്കാത്തവരെ തുറന്നുകാട്ടുമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഊര്‍ജമേഖലയില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി മുന്നേറുന്ന സര്‍ക്കാരിന്റെ പ്രയാണത്തിലെ ഒരു നാഴികക്കല്ലാണ് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയെന്നു അദ്ദേഹം പറഞ്ഞു. വിവാദങ്ങളില്‍ കുടുക്കി വൈദ്യുതിപദ്ധതികളെ മുടക്കാന്‍ ശ്രമിക്കുന്നതു നാടിന്റെ പുരോഗതിക്ക് തടസമാകും. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഊര്‍ജപദ്ധതികള്‍ ആവശ്യമാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."