ആരിഫ് ഇന്ത്യയിലെ മികച്ച എം.എല്‍.എയെന്നത് കള്ളപ്രചാരണമെന്ന്
ആലപ്പുഴ: ഇന്ത്യയില്‍ മികച്ച എം.എല്‍.എയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തിലോ മറ്റോ ഒരു സംവിധാനവും ഇല്ലെന്നിരിക്കെ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ കബളിപ്പിക്കാന്‍ ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജപ്രചരണം.
അരൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എയായ എ.എം ആരിഫിന് മികച്ച എം.എല്‍.എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന പേരിലാണ് പാര്‍ലമെന്റ് മണ്ഡലത്തിലാകെ പ്രചരണം നടത്തുന്നത്. കാശ്മീരി ടു കേരള ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പേരിലാണ് എ.എം ആരീഫ് അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം എല്‍.ഡി.എഫ് ഇറക്കിയ നേര്‍ക്കാഴ്ച എന്ന ലഘുലേഖയിലും ദേശീയപാതയിലെങ്ങും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളിലും ഉള്ളത്. ഇന്ത്യയിലെ മികച്ച എം.എല്‍.എയെന്ന അവാര്‍ഡ് ഏത് സംഘടന നല്‍കിയെന്നും ആരാണ് ഈ സംഘടനയ്ക്ക് പിന്നിലെന്നും ആരിഫ് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലഘുലേഖയിലും മറ്റും ഇക്കാര്യം സൂചിപ്പിക്കാത്തത് തന്നെ ദുരൂഹമാണ്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി വോട്ടുതട്ടാനുള്ള നീക്കമാണ് നടത്തുന്നത്. ഇന്ത്യയില്‍ ആരിഫിന് നല്‍കിയ ഈ അവാര്‍ഡിന് മുമ്പോ ശേഷമോ ഇത്തരത്തില്‍ അവാര്‍ഡ് നല്‍കിയതായി കേട്ടിട്ടില്ല. ആരീഫിന് അവാര്‍ഡ് നല്‍കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കടലാസ് കമ്പനിയാണിതെന്നും ഇതിനു പിന്നിലുള്ള വസ്തുത ആരിഫ് വ്യക്തമാക്കണമെന്നും ലിജു ആവശ്യപ്പെട്ടു.
ഇത്തരം വ്യജപ്രചരണങ്ങളുടെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യിച്ചില്ലെങ്കില്‍ കലക്‌ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ലിജു മുന്നറിയിപ്പ് നല്‍കി. കെ.പി.സി.സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രാഹം, എ.എ ഷുക്കൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."