ജെ.ഇ.ഇ പരീക്ഷയില്‍ വിജയത്തിളക്കം; സന്തോഷം പങ്കിട്ട് ഷാഫില്‍
കോഴിക്കോട്: ജെ.ഇ.ഇ പരീക്ഷയിലെ വിജയത്തിളക്കത്തിന്റെ സന്തോഷം വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നില്ല ഷാഫില്‍ മായിന്. എല്ലാവരും അഭിമാനത്തോടെ പറഞ്ഞ രാജു നാരായണ സ്വാമിയുടെ നേട്ടമാണ് ഈ കൊച്ചുമിടുക്കന്‍ തകര്‍ത്തു കളഞ്ഞത്. ജോയിന്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് റെയിസ് പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ഷാഫില്‍ നേടിയത് ചരിത്ര നേട്ടമാണ്. അഖിലേന്ത്യാതലം മെയിന്‍ പരീക്ഷയില്‍ എട്ടാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ ഒന്നാം റാങ്കുമാണ് ഷാഫില്‍ സ്വന്തമാക്കിയത്. കേരളത്തില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും മികച്ച റാങ്ക് ഇനി ഷാഫിലിന്റെ പേരിലറിയപ്പെടും. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജുനാരായണ സ്വാമിയുടെ ജെ.ഇ.ഇയിലെ പത്താം റാങ്ക് എന്ന നേട്ടത്തെയാണ് ഷാഫില്‍ മറികടന്നത്. അഖിലേന്ത്യാതലത്തില്‍ 360ല്‍ 345 മാര്‍ക്കാണ് ഷാഫിലിന് ലഭിച്ചത്.
തിരൂര്‍ ബി.പി അങ്ങാടി ഡയറ്റിന് സമീപം ഫിര്‍ദോസില്‍ കെ.എ നിയാസിന്റെയും ഡോ. ഷംജിതയുടെയും മകനാണ് ഷാഫില്‍. എന്‍ട്രന്‍സ് പരിശീലനത്തിന്റെ ഭാഗമായി രണ്ടുവര്‍ഷമായി കോഴിക്കോട് സൗഭാഗ്യ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. ചിട്ടയായ പഠനവും ഏകാഗ്രതയുമാണ് തന്നെ ഈ നേട്ടത്തിലെത്തിച്ചതെന്ന് ഷാഫില്‍ പറയുന്നു. ആഴ്ചയില്‍ ഒരു മണിക്കൂര്‍ മാത്രമാണ് മറ്റു വിനോദങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്. രാവിലെ ആറിന് തുടങ്ങുന്ന പഠനം രാത്രി 11 വരെ തുടരും. റാങ്ക് പ്രതീക്ഷിച്ചിരുന്നുവെന്നും പത്തിനുള്ളില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷാഫില്‍ പറഞ്ഞു.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പഠിക്കാനാണ് ഷാഫിലിന് ആഗ്രഹം. എന്‍ജിനീയറേക്കാള്‍ ഗണിതശാസ്ത്രജ്ഞനാവാനാണ് താല്‍പര്യം. മലാപ്പറമ്പ് വേദവ്യാസ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തിരൂര്‍ എം.ഇ.എസ് സ്‌കൂളിലുമായിരുന്നു ഷാഫിലിന്റെ പഠനം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയിരുന്നു. ഷാഫില്‍ എന്നും പഠനത്തില്‍ മിടുക്കാനായിരുന്നുവെന്നും കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ അഞ്ചിന്റെയുള്ളില്‍ റാങ്ക് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും തിരൂര്‍ പോളിടെക്‌നിക് കോളജിലെ അധ്യാപകനായ ഷാഫിലിന്റെ പിതാവ് കെ.എ നിയാസും കാവനൂര്‍ പ്രൈമറി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ മാതാവ് ഷംജിതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."