കേരളത്തിലെത്തുന്ന 40 ശതമാനം മത്സ്യവും ഇതരസംസ്ഥാനങ്ങളില്‍ നിന്ന്
കൊച്ചി: ആവശ്യക്കാരേറെയുള്ള കേരളത്തില്‍ മീനുകളുടെ വില കഴിഞ്ഞ വര്‍ഷം കുറഞ്ഞുവെന്ന് പഠനം. കേരളത്തിലെ മത്സ്യഉപഭോഗത്തിന്റെ 40 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നതെന്നും കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) നടത്തിയ പഠനം വ്യക്തമാക്കുന്നു.
പുറം സംസ്ഥാനങ്ങളില്‍ നിന്ന് മീന്‍ വരുന്നതാണ് കേരളത്തില്‍ മത്സ്യവില കുറയാന്‍ കാരണമെന്നും സംസ്ഥാനത്ത് ആഭ്യന്തര മത്സ്യ ലഭ്യതയും ആവശ്യക്കാരുടെ എണ്ണവും തമ്മിലുള്ള അന്തരം ദൈനംദിനം വര്‍ധിച്ചുവരികയാണെന്നും പഠനം വെളിപ്പെടുത്തുന്നു.
2014 നെ അപേക്ഷിച്ച് 2015ല്‍ മീന്‍വിലയില്‍ 35 ശതമാനം വര്‍ധനവ് ഉണ്ടായിരുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞവര്‍ഷം വിലയില്‍ കുറവ് വന്നതായി കണ്ടെത്തിയത്. കടലില്‍ നിന്നുള്ള ലഭ്യതയില്‍ കുറവുണ്ടായ മത്സ്യങ്ങളുടെ വിലയും കുറഞ്ഞിട്ടുണ്ട്. അയലയുടെ വിലയിലാണ് ഏറ്റവും കുറവുണ്ടായത്. 30.6 ശതമാനം. കേരളീയരുടെ ഇഷ്ടമത്സ്യങ്ങളായ മത്തി, അയല, കിളിമീന്‍ എന്നിവയുടെ വില മൊത്തത്തില്‍ 20.7 ശതമാനം കുറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തര മത്സ്യലഭ്യത വളരെ കുറവായിട്ടും വിലവര്‍ധനവുണ്ടാകാത്തതിന്റെ കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളുടെ വരവാണെന്ന് സി.എം.എഫ്.ആര്‍.ഐ കണ്ടെത്തി. സംസ്ഥാനത്തെ മത്സ്യമേഖലയിലെ പ്രതിസന്ധിയാണ് പഠനം സൂചിപ്പിക്കുന്നത്.
സി.എം.എഫ്.ആര്‍.ഐ യിലെ സാമൂഹിക സാമ്പത്തിക അവലോകന വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമും സംഘവുമാണ് മീനുകളുടെ വിപണനത്തെക്കുറിച്ചും പുറം സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളുടെ കണക്കുകളും പഠനവിധേയമാക്കിയത്. 2016ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 20 ശതമാനം വരെ മത്സ്യവിലയില്‍ കുറവുണ്ടായെന്നാണ് പഠനത്തില്‍ പറയുന്നത്. കര്‍ണാടക, തമിഴ്‌നാട്, ഗോവ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മത്സ്യം കേരളത്തിലെത്തുന്നത്. ഭാവിയില്‍ 50 ശതമാനം മത്സ്യവും ഇതര സംസ്ഥാനത്ത് നിന്ന് എത്തേണ്ട സ്ഥിതിയിലേക്ക് കേരളമെത്തുമെന്നും പഠനം സൂചിപ്പിക്കുന്നു. ഒരു ദിവസം ശരാശരി 2000 മുതല്‍ 2500 ടണ്‍വരെയാണ് കേരളത്തിലെ ഉപഭോഗം.
ഇതില്‍ 1000-1200 ടണ്‍ മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. എന്നാല്‍, ലഭ്യതയില്‍ കുറവ് വരുന്ന മണ്‍സൂണിന് മുന്‍പുള്ള മാസങ്ങളില്‍ (ജനുവരി,മാര്‍ച്ച്) 60 ശതമാനം മത്സ്യവും പുറം സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ മത്സ്യ ഉപഭോഗത്തിനനുസൃതമായി ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."