ജില്ലയെ ഭീതിയിലാഴ്ത്തി ഡിഫ്തീരിയ പടരുന്നു
കോഴിക്കോട്: ജില്ലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഡിഫ്തീരിയ പടരുന്നു. ഇന്നലെ അഞ്ചുപേര്‍ക്കു കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഒരാളെ ഡിഫ്തീരിയ ലക്ഷണങ്ങളോടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ചവരുടെ എണ്ണം 30 പിന്നിട്ടു. ഇന്നലെ ഡിഫ്തീരിയ ബാധിച്ചവരില്‍ മൂന്നുപേരും കുട്ടികളാണ്. വെള്ളിമാട്കുന്ന് സ്വദേശിയായ ഏഴു വയസുകാരി, പൊക്കുന്ന് സ്വദേശിയായ രണ്ടു വയസുകാരി, പറമ്പില്‍ ബസാറിലെ മൂന്നു വയസുകാരന്, ഉമ്മളത്തൂര്‍ സ്വദേശികളായ രണ്ടു യുവതികള്‍ എന്നിവര്‍ക്കാണ് ഇന്നലെ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജില്ലയില്‍ ഡിഫ്തീരിയ വ്യാപകമായ സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഏഴു വയസുള്ള കുട്ടികളെ വരെ രക്ഷിതാക്കള്‍ രോഗം ഭയന്ന് കുത്തിവയ്പ്പെടുക്കാന്‍ കൊണ്ടുവരുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഡിഫ്തീരിയയ്ക്ക് പുറമെ വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ഹെപ്പറ്റൈറ്റിസ്-ബി, അഞ്ചാംപനി, തുടങ്ങിയ അസുഖങ്ങള്‍ക്കെല്ലാം പ്രതിരോധകുത്തിവയ്പ്പ് നല്കി വരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ഡിഫ്തീരിയ വ്യാപകമാകുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."