'മതത്തിന്റെ പേരിലുള്ള കലാപങ്ങള്‍ ചെറുക്കണം' അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി സമാധാന സമ്മേളനത്തില്‍ മാര്‍പാപ്പ
കെയ്‌റോ: ദൈവത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങളെ ചെറുക്കണമെന്നും മതങ്ങള്‍ സമാധാനമാണ് പഠിപ്പിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മുസ്‌ലിം- ക്രൈസ്തവ സമാധാന ദൗത്യത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയ മാര്‍പാപ്പ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ സമാധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഐക്യവും സാഹോദര്യവും എന്നു പേരിട്ട സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 20 വര്‍ഷത്തിനു ശേഷം ആദ്യമായാണ് മാര്‍പാപ്പ ഈജിപ്ത് സന്ദര്‍ശിക്കുന്നത്.
മതത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കരുതെന്ന് മാര്‍പാപ്പ പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍ അസ്ഹര്‍ പള്ളിയിലെ ഇമാം ശൈഖ് അഹ്മദ് അല്‍ ത്വയ്യിബുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. യൂനിവേഴ്‌സിറ്റിയിലെ ചടങ്ങിനെ അസ്സലാമു അലൈക്കും എന്ന് അഭിസംബോധന ചെയ്താണ് മാര്‍പാപ്പ പ്രസംഗം തുടങ്ങിയത്. ഇമാം ശൈഖിനെ സഹോദരനെന്നാണ് ചടങ്ങിലൂടനീളം വിശേഷിപ്പിച്ചത്. ഇസ്‌ലാമിക് ഫിലോസഫി പ്രൊഫസര്‍ കൂടിയാണ് ശൈഖ് അഹ്മദ് അല്‍ ത്വയ്യിബ്.
ദാരിദ്രം പോലുള്ള വിപത്ത് ലോകത്തെ വേട്ടയാടുമ്പോള്‍ ആയുധവും വെടിക്കോപ്പുകളും വാങ്ങാന്‍ ലോകം പണം ചെലവഴിക്കുകയാണെന്ന് മാര്‍പാപ്പ പറഞ്ഞു. ഉച്ചയ്ക്ക് 2.30 ഓടെ പ്രസിഡന്റിന്റെ കൊട്ടാരമായ ഇത്താഹിദിയ്യയിലെത്തിയ മാര്‍പാപ്പയെ അബ്ദുല്‍ ഫത്തഹ് അല്‍സീസി സ്വീകരിച്ചു. ആചാരപരമായ വരവേല്‍പിനു ശേഷം അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ ഇമാം ശൈഖ് അഹ്മദ് അല്‍ ത്വയ്യിബ് സ്വീകരിച്ചു. 2000 ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്ക് ശേഷം അല്‍ അസ്ഹറിലെത്തുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചതു മുതല്‍ ഈജിപ്തില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണം ശക്തിപ്പെട്ടിരുന്നു.
ഈജിപ്ത് കത്തോലിക്കാ ചര്‍ച്ച് മേധാവിയും പോപ്പിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."