സര്‍വകലാശാലാ അധികൃതരില്‍ നിന്നുണ്ടായ വീഴ്ച: വിദ്യാര്‍ഥികള്‍ ഇന്ന് വീണ്ടും പരീക്ഷയെഴുതണമെന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പിലെ വീഴ്ചയില്‍ ബലിയാടായത് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ പത്ത് വിദ്യാര്‍ഥികള്‍. അധികൃതരില്‍ നിന്നുണ്ടായ പിഴവ് മൂലം രണ്ടുവര്‍ഷം മുന്‍പെഴുതിയ രണ്ടാം സെമസ്റ്റര്‍ ഹിന്ദി പരീക്ഷയാണ് വീണ്ടും നടത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചത്.
പ്രസ്തുത പരീക്ഷ ഇന്നെഴുതാനാണ് സര്‍വകലാശാല അധികൃതര്‍ ഉത്തരവിറക്കിയത്. ചോദ്യപേപ്പര്‍ മാറ്റി നല്‍കിയ സര്‍വകലാശാലയുടെ അനാസ്ഥയാണ് പുനഃപരീക്ഷയിലേക്ക് എത്തിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ബി.എസ്‌സി ഫിസിക്‌സ്, സുവോളജി അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് സര്‍വകലാശാലയുടെ നടപടിയില്‍ പരാതിയുന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതായി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2017 ലെ രണ്ടാം സെമസ്റ്റര്‍ ഹിന്ദി ഗ്രാമര്‍ പരീക്ഷയ്ക്ക് ഒരു ക്ലാസ് മുറിയില്‍ വിതരണം ചെയ്ത ചോദ്യപേപ്പര്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടേതായിരുന്നു. വിഷയവും സിലബസുമെല്ലാം ഒന്നു തന്നെയായപ്പോള്‍ ചോദ്യപേപ്പര്‍ മാറിയ വിവരം അന്നേ ദിവസം വിദ്യാര്‍ഥികളും തിരിച്ചറിഞ്ഞിരുന്നില്ല.
സംഭവം പിന്നീട് സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താമെന്ന ഉറപ്പാണ് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ട് വര്‍ഷത്തിനു ശേഷം അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴാണ് പുനഃപരീക്ഷ നടത്തുമെന്ന് അറിയിപ്പ് ലഭിക്കുന്നത്. കോളജിലെ പത്ത് വിദ്യാര്‍ഥികള്‍ക്കായാണ് ഇന്ന് പുനഃപരീക്ഷ നടത്തുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രൊജക്ടുകള്‍, ഉപരി പഠനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി തയാറെടുക്കുന്ന വിദ്യാര്‍ഥികളാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിലെ നടപടിക്രമങ്ങളാണ് പുനഃപരീക്ഷ വൈകാനിടയാക്കിയതെന്ന് പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുള്ള വേലായുധന്‍ കല്ലേപുറത്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."