പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം: വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍
കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച പ്രതിയെ വിദേശത്തു നിന്നെത്തിച്ച് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ മനുവാണ് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ വച്ച് നെടുമ്പാശ്ശേരി പൊലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 15ന് എറണാകുളം പനമ്പിളളി നഗറിലായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഏവിയേഷന്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് നേരെയായിരുന്നു ആക്രമണം.
കോട്ടയം, ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു പെണ്‍കുട്ടികള്‍. ഇക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി മനുവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ഇയാളെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. രാത്രി ഏഴ് മണിയോടെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് മനു ബൈക്കിലെത്തി കൈയിലുള്ള പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത്. ഉടന്‍ പെണ്‍കുട്ടികള്‍ സ്‌കൂട്ടര്‍ മറിച്ചിട്ട് ഓടി സമീപത്തെ കടയില്‍ അഭയം തേടുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
ഹെല്‍മറ്റ് ധരിച്ചായിരുന്നു ആക്രമണം. അതുകൊണ്ട് ആദ്യം അക്രമിയെ തിരിച്ചറിയാനായില്ല. പിന്നീട് പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സ്വദേശി മനു ആണെന്ന് തിരിച്ചറിഞ്ഞത്. ഇടപ്പള്ളി ഭാഗത്തെ പമ്പില്‍ നിന്നായിരുന്നു മനു പെട്രോള്‍ വാങ്ങിയത്. ഇതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
പ്രതി പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷനര്‍ എസ്. സുരേന്ദ്രന്‍ പറഞ്ഞു. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ് കൃത്യം പൂര്‍ത്തിയാക്കാന്‍ പ്രതിക്ക് സാധിക്കാതിരുന്നത്. അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. സംഭവ സ്ഥലത്തു ക്വട്ടേഷന്‍ സംഘത്തിന്റേതെന്ന് സംശയം തോന്നിപ്പിക്കുന്ന കുറിപ്പ് ഉപേക്ഷിച്ചത് ഇതിനു വേണ്ടിയായിരുന്നു. അബൂദബിയില്‍ ജോലി ചെയ്യുന്ന മനു അവധി എടുത്ത് നാട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. സംഭവ ദിവസം കൊച്ചിയില്‍ താമസിച്ച ശേഷം പിറ്റേന്ന് അബൂദബിയിലേക്ക് മടങ്ങുകയും ചെയ്തുവെന്നും പൊലിസ് പറഞ്ഞു.
വിദേശത്തേക്ക് കടന്ന മനുവിനെ തന്ത്രപരമായാണ് പൊലിസ് നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിലെത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കേസ് അന്വേഷിക്കുന്ന എറണാകുളം സൗത്ത് പൊലിസിന് പ്രതിയെ കൈമാറി. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."