പുതുപ്പാടിയില്‍ 'പൊലിവ് ' പദ്ധതിക്ക് തുടക്കം
താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക പുനരാവിഷ്കരണ പദ്ധതിയായ 'പൊലിവ് ' കാംപയിന് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ തുടക്കമായി. അയല്‍ക്കൂട്ടതലത്തില്‍ രണ്ടു ഫലവൃക്ഷങ്ങളും (മാവ്, പ്ലാവ്, സപ്പോട്ട മുതലായവ) ഒരു കറിവേപ്പും നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡിലെ ആച്ചി കോളനിയിലെ സ്നേഹ കുടുംബശ്രീയുടെ അംഗങ്ങളുടെ വീടുകളില്‍ ഫലവൃഷത്തൈകള്‍ നട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മാ മാണി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സൗദ ബഷീര്‍, റീന ടീച്ചര്‍, സി.ഡി.എസ് ചെയര്പേഴ്സന് യു.പി ഹേമലത, വൈസ് ചെയര്പേഴ്സന് ബിന്ദു സാമി, അങ്കണവാടി ടീച്ചര്‍ പത്മിനി, എ.ഡി.എസ് അംഗം ഡെയ്സി മജു പങ്കെടുത്തു. കാംപയിനിന്റെ ഭാഗമായി സി.ഡി.എസിലെ 330ല്‍പ്പരം അയല്‍ക്കൂട്ടങ്ങള്‍, ബാലസഭകള് എന്നിവവഴി കുറഞ്ഞത് മൂന്നു സെന്റ് വീതം പത്ത് ഏക്കര്‍ സ്ഥലത്തെങ്കിലും കൃഷിയിറക്കിയാണ് പദ്ധതി വ്യാപിപ്പിക്കുക. നിലവില്‍ സി.ഡി.എസില്‍ 65 സംഘകൃഷി ഗ്രൂപ്പുകള്‍ മുഖാന്തിരം 210 ഏക്കര്‍ സ്ഥലത്ത് വിവിധ വിളകളായ നെല്ല്, വാഴ, കപ്പ, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നതിന് പുറമെയാണ് കുടുംബശ്രീ കൂട്ടായ്മയിലൂടെ ഈ കാര്‍ഷിക പുനരാവിഷ്കരണം നടത്താനായി കുടുംബശ്രീ സി.ഡി.എസ് തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."