കോഴിക്കോട്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര് മുങ്ങിമരിച്ചു
തിരുവമ്പാടി /കുറ്റ്യാടി: കോഴിക്കോട് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര് മുങ്ങിമരിച്ചു. തിരുവമ്പാടിക്കടുത്ത് പതങ്കയത്ത് രണ്ട് സഹോദരങ്ങളും കുറ്റ്യാടിക്കടുത്ത് മീന്തുള്ളിപ്പാറയില് ഒരാളുമാണ് മരിച്ചത്. പതങ്കയത്ത് താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന കാട്ടുങ്ങല്‍ വാസുദേവന്‍ - പുഷ്പ ദമ്പതികളുടെ മക്കളായ വിഷ്ണു എന്ന അപ്പു (20), വിശാഖ് (18), മീന്തുള്ളപ്പാറയില് വേളം ശാന്തിനഗറിലെ പൈക്കാട്ട് കുഞ്ഞമ്മദിന്റെ മകന് റാഷിദ് (19) എന്നിവരാണ് മരിച്ചത്.
കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിഷ്ണുവും വിശാഖും അപകടത്തില്‍പ്പെട്ടത്. ഒരാള്‍ മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരുടെ മറ്റൊരു സഹോദരന് ബിനോയ് ബഹ്റൈനില്‍ ആണ്. സംസ്കാരം ഇന്ന് വീട്ടു വളപ്പില്‍. ഞായറാഴ്ചയും ഇതേ സ്ഥലത്ത് കാല്‍വഴുതി വീണ് തിരൂരങ്ങാടി പന്താരങ്ങാടി താപ്പി സാജുദ്ദീന്റെ മകന് ഇസ്ഹാഖ് (18) മരിച്ചിരുന്നു.
ഇന്നലെ വൈകിട്ട് നാല് സുഹൃത്തുക്കള്‍ക്കൊപ്പം ചവറംമുഴി മീന്തുള്ളിപ്പാറ പുഴയില്‍ കുളിക്കുന്നതിനിടെയാണ് റാഷിദ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ മുങ്ങിപ്പോയ റാഷിദിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം ശാന്തപുരം ഇസ്ലാമിയ കോളജ് രണ്ടണ്ടാം വര്‍ഷ ബി.എ അറബിക് വിദ്യാര്‍ഥിയാണ്. ഖബറടക്കം ഇന്ന് ശാന്തിനഗര്‍ എളവനച്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പിതാവ് കുഞ്ഞമ്മദ് സലാലയിലാണ്. ഇന്ന് നാട്ടിലെത്തും. നസീമയാണ് മാതാവ്. സഹോദരങ്ങള്‍: നദാ ഫാത്തിമ, നഹാ ഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."