ഡ്രൈവര്‍ മദ്യലഹരിയില്‍ ബസ് ഓടിച്ചു; ഭീതിയോടെ യാത്രക്കാര്‍
മുവാറ്റുപുഴ: ഡ്രൈവര്‍ മദ്യലഹരിയില്‍. ഭീതിയോടെ യാത്രക്കാര്‍. ഇന്നലെ വൈകിട്ട് 5ന് എറണാകുളംകാക്കനാട്മുവാറ്റുപുഴ ബസ് റൂട്ടില്‍ എറണാകുളത്ത് നിന്ന് തൊടുപുഴയ്ക്ക് സര്‍വീസ് നടത്തുന്ന എല്‍.എം.എസ് ബസിലാണ് സംഭവം. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് തൊടുപുഴയ്ക്ക് പോകുകയായിരുന്ന ബസിലെ ഡ്രൈവറാണ് മദ്യലഹരിയില്‍ വാഹനം ഓടിച്ചത്.
അമിത വേഗതയില്‍ ചീറിപാഞ്ഞ ബസിന്റെ പോക്ക് പന്തികേടല്ലന്നു യാത്രക്കാര്‍ക്കു തോന്നിയെങ്കിലും സാധാരണ ഈറൂട്ടില്‍ സ്വകാര്യബസുകള്‍ അമിത വേഗതയില്‍ പായുന്നതിനാല്‍ യാത്രക്കാര്‍ കാര്യമാക്കിയില്ല. എന്നാല്‍ അമിത വേഗതയില്‍ വന്ന ബസ് പട്ടിമറ്റത്തിനു സമീപം റോഡരികില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസ് പിടികൂടി.
പൊലിസ് പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയെങ്കിലും ചെറിയൊരു പിഴ ഈടാക്കി ബസിലെ കണ്ടക്ടറെ ബസ് ഓടിക്കാനേല്‍പിച്ച് പറഞ്ഞ് വിടുകയായിരുന്നു. എന്നാല്‍ ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയശേഷം കണ്ടക്ടര്‍ ബസില്‍ നിന്നും ഇറങ്ങി മദ്യലഹരിലായിരുന്ന ഡ്രൈവറെ വീണ്ടും ബസ് ഓടിക്കാന്‍ ഏല്‍പിക്കുകയായിരുന്നു. ഇതിനിടെ നെല്ലാടിന് സമീപം പിക്കപ്പ് വാനില്‍ ബസ് ഉരസുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി പിക്കപ്പ് വാനിന്റെ ഡ്രൈവറും ബസ് ഡ്രൈവറുമായി വാക്ക് തര്‍ക്കവുമുണ്ടയി. ബസില്‍ സ്‌കൂള്‍കോളേജ് കുട്ടികളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു.
ബസ് അമിത വേഗതയില്‍ വീണ്ടും പായാന്‍ തുടങ്ങിയതോടെ യാത്രക്കാരും കുട്ടികളും ഭീതിയോടെയാണ് ബസില്‍ സഞ്ചരിച്ചത്.
ഇതിനിടെ ഡ്രൈവറുടെ അമിത വേഗത ചൂണ്ടി കാണിച്ച യാത്രക്കാരില്‍ ചിലര്‍ ബസിനുള്ളില്‍ ബഹളം വച്ചങ്കിലും ബസിലെ ജീവനക്കാര്‍ അസഭ്യം പറയുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ മുവാറ്റുപുഴ വെള്ളൂര്‍കുന്നം ജങ്ഷനിലെത്തിയപ്പോള്‍ ഡ്രൈവറെ ബസില്‍ നിന്നും ഇറക്കിയ ശേഷം കണ്ടക്ടര്‍ വീണ്ടും ബസ് ഓടിക്കുകയായിരുന്നു.
എറണാകുളംകാക്കനാട് മുവാറ്റുപുഴ റൂട്ടില്‍ സ്വകാര്യ ബസുകളുടെ അമിത വേഗതക്കെതിരെ വ്യാപകമായ പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പോ പൊലിസോ വേണ്ടത്ര പരിശോധന നടത്താറില്ല. ബസുകളുടെ അമിത വേഗതക്കെതിരെ പലസ്ഥലങ്ങളിലും നാട്ടുകാര്‍ പ്രതിഷേധിക്കാറുണ്ടങ്കിലും ബന്ധപ്പെട്ട അതികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തധിനാല്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ഈറൂട്ടില്‍ ദിനേന ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ നടന്നിരിക്കുന്നത്. ഡ്രൈവര്‍മാരുടെ അമിത വേഗതക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ ഇവിടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."