വി.എച്ച്.എസ്.ഇ സ്‌കൂളുകളില്‍ മുഴുവന്‍ ഇനി എന്‍.എസ്.ക്യു.എഫ് കോഴ്‌സുകള്‍
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സംസ്ഥാനത്തെ മുഴുവന്‍ വി.എച്ച്.എസ്.ഇ സ്‌കൂളുകളിലും ഈവര്‍ഷം മുതല്‍ നാഷനല്‍ സ്‌കില്‍ കോളിഫിക്കേഷന്‍ ഫ്രൈംവര്‍ക്ക് (എന്‍.എസ്.ക്യു.എഫ്) അടിസ്ഥാനമാക്കി കോഴ്‌സുകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നു. സംസ്ഥാനത്തെ ആകെയുളള 389 സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി 66 സ്‌കൂളുകള്‍ മാത്രമാണ് കോഴ്‌സുകള്‍ നടപ്പിലാക്കിയിരുന്നത്. ഈ വര്‍ഷം മുതല്‍ മുഴുവന്‍ വി.എച്ച്.എസ്.ഇ സ്‌കൂളുകളിലും കോഴ്‌സുകള്‍ ആരംഭിക്കും.
ആധുനിക കാലത്ത് തൊഴിലിടങ്ങള്‍ ആവശ്യപ്പെടുന്ന ടെക്‌നോളജികളും നൈപുണികളും ചേര്‍ത്തുളള പാഠ്യപദ്ധതികളാണ് എന്‍.എസ്.ക്യു.എഫ് കോഴ്‌സുകള്‍. ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം തന്നെ തൊഴില്‍ അഭിരുചിയും ദേശീയ അന്തര്‍ ദേശീയ അംഗീകാരമുളള സ്‌കില്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടെ നേടാനാകും. ആധുനിക ലോകത്തെ തൊഴില്‍ മേഖലയിലേക്ക് കടക്കാനും ഇതുമൂലമാകും.
ഹെല്‍ത്ത്, അഗ്രികള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്, ടെലികോം, പവര്‍, ഐ.ടി, റീട്ടൈയില്‍, ഓട്ടോമോട്ടീവ്, സ്‌പോര്‍ട്‌സ്, മീഡിയ, റിയല്‍ എസ്‌റ്റേറ്റ്, അപ്പാരല്‍, പെട്രോ കെമിക്കല്‍, ഫുഡ്, ഫൈനാന്‍സ്, മാനേജ്‌മെന്റ്, ടൂറിസം മേഖലകളിലെ കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വി.എച്ച്.എസ്.ഇ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി സബ്ജക്ട് കോംപിനേഷനുകള്‍ക്കൊപ്പമാണ് എന്‍.എസ്.ക്യു.എഫ് നിഷ്‌ക്കര്‍ഷിച്ച പഠനവും പരിശീലനവും ലഭിക്കുക. പ്ലസ്ടു അടിസ്ഥാനമാക്കിയുള്ള എല്ലാ ഉപരിപഠന സാധ്യതകളും ഇതുവഴി ലഭിക്കും. പോളി ടെക്‌നിക്കുകള്‍, പ്രൊഫഷനല്‍ കോഴ്‌സുകള്‍ എന്നിവക്ക് ചേരുന്നതിന് റിസര്‍വേഷനുമുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലികള്‍ക്കും കോഴ്‌സുകള്‍ പരിഗണിക്കും. വി.എച്ച്.എസ് ക്യാപിലൂടെ ഓണ്‍ലൈന്‍ വഴിയാണ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."