ഔദ്യോഗിക രഹസ്യ നിയമ ലംഘനത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിരേ കേസെടുക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്നും പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും കാണിച്ച് ഡി.ജി.പി ജേക്കബ് തോമസിനെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും.
'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലൂടെ ജേക്കബ് തോമസ് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് ആരോഗ്യ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. കേസെടുക്കണമെന്ന അന്വേഷണ സമിതിയുടെ ശുപാര്‍ശ അടങ്ങുന്ന ഫയല്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് കൈമാറി. 31 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡി.ജി.പി ജേക്കബ് തോമസ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തില്‍ വിവരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി, ആര്‍.ബാലകൃഷ്ണപിള്ള, സി.ദിവാകരന്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ക്കെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച പുസ്തകം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് സര്‍ക്കാര്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു മാസത്തിനു ശേഷം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും ജേക്കബ് തോമസിനെ സസ്പന്റ് ചെയ്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ജേക്കബ് തോമസിനെതിരെ അഴിമതി കേസും നിലവിലുണ്ട്. കേസില്‍ വിജിലന്‍സ് കോടതിയില്‍ എഫ് ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ജേക്കബ് തോമസ് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സര്‍വിസില്‍ നിന്നും രാജി വയ്ക്കാന്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. എന്നാല്‍ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്നും ജേക്കബ് തോമസ് പിന്‍മാറിയിരുന്നു. ഒരു വര്‍ഷമായി ജേക്കബ് തോമസ് സസ്പന്‍ഷനിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."