പാരിസിലെ നോത്രദാം കത്തീഡ്രലില്‍ തീപിടിത്തം
പാരിസ്: പാരിസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ തീപിടിത്തം. തീപ്പിടിത്തത്തില്‍ മേല്‍ക്കൂരയും പ്രധാന ഗോപുരവും കത്തിനശിച്ചു. എന്നാല്‍ രണ്ട് ടവറുകള്‍ ഉള്‍പെടെയുള്ള പ്രധാന കെട്ടിടത്തിന് നാശമേറ്റിട്ടില്ല. 15 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി.
എന്നാല്‍ തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കത്തീഡ്രലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെ തിങ്കളാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, 12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന അമൂല്യവസ്തുക്കള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ, ഭാഗികമായി കത്തിനശിച്ച കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ള കത്തീഡ്രല്‍ പുതുക്കിപ്പണിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിനു യൂറോ സംഭാവനയായി ഒഴുകുകയാണ്. ക്രിസ്തുമതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും സൂക്ഷിച്ചിട്ടുള്ള ഈ കത്തീഡ്രലിന് 850 വര്‍ഷത്തോളം പഴക്കമുണ്ട്. യേശുവിനെ കുരിശിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ചതെന്നു കരുതുന്ന ആണികളില്‍ ഒന്ന്, കുരിശില്‍ തറച്ചപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം, 1270ല്‍ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാന്‍സ് രാജാവും പിന്നീട് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ളവ സുരക്ഷിതമാണെന്ന് പാരിസ് മേയര്‍ അറിയിച്ചു. വിശുദ്ധ തിരുശേഷിപ്പുകള്‍ക്ക് പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ എത്രയെണ്ണം സുരക്ഷിതമാണെന്ന് വ്യക്തമല്ല. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്രദാം കത്തീഡ്രല്‍. 13 ദശലക്ഷം ആളുകളാണ് ഒരു വര്‍ഷം ഇവിടെ സന്ദര്‍ശിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."