പെരിങ്ങോം-ചെറുപുഴ റോഡ് മെക്കാഡം ടാറിങ് ആരംഭിച്ചു
ചെറുപുഴ: ചെറുപുഴ-പെരിങ്ങോം-പയ്യന്നൂര്‍ റോഡില്‍ മെക്കാഡത്തിന് അനുമതി ലഭിച്ച പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ തുടങ്ങി. പെരിങ്ങോം കെ.പി നഗറില്‍ സി. കൃഷ്ണന് എം.എല്‍.എ, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി, വൈസ് പ്രസിഡന്റ് പി. പ്രകാശന്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.വി തമ്പാന് എന്നിവരുടെ സാന്നിധ്യത്തിലാണ് ബിറ്റുമിന്‍ മെക്കാഡം ചെയ്തു തുടങ്ങിയത്. രണ്ടാം ഘട്ടത്തില്‍ നടത്തുന്ന ബിറ്റുമിന്‍ കോണ്‍ക്രീറ്റോടെ ടാറിങ് പൂര്‍ത്തിയാകും.
ദിനേന റോഡിന്റെ ഒരു ഭാഗത്തായി ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ ബിറ്റുമിന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് മഴക്കുമുന്നേ ടാറിങ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നിലവില്‍ റോഡിലുള്ള വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് ആശങ്കയുയര്‍ത്തുന്നത്. പെരിങ്ങോം മുതല്‍ ഉമ്മറപ്പൊയില്‍ വരെയുള്ള ഭാഗത്ത് റോഡില്‍ വൈദ്യുതി തൂണുകള്‍ ഇല്ലാത്തതിനാലാണ് ടാറിങ് ഈ ഭാഗത്ത് തുടങ്ങിയത്. 17 കോടി രൂപ ചെലവഴിച്ചാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."