പെയ്‌തൊഴിയാതെ പേമാരി: ജനജീവിതം സ്തംഭിച്ചു
പാനൂര്‍ : ചമ്പാട് അരയാക്കൂല്‍ റോഡില്‍ യുവദീപ്തി ബസ് സ്റ്റോപ്പിന് സമീപം റോഡിന് കുറുകെ കടപുഴകി വീണ കൂറ്റന്‍ മരം ഇന്നലെ രാവിലെ 12 മണിയോടെ മുറിച്ചു നീക്കി. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് കൂറ്റന്‍ മാവ് റോഡിന് കുറുകെ വീണത്. ലൈനുകളില്‍ തട്ടി അപകടകരമായ രീതിയില്‍ നിന്ന മരം രാത്രിയില്‍ തന്നെ മുറിച്ച് നീക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേതുടര്‍ന്ന് ഇരുവശങ്ങളിലും പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത്കാവല്‍ നിന്ന് വാഹനങ്ങളെ വഴി തിരിച്ചുവിടുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ അഗ്‌നിശമന സേന, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മണിക്കൂറുകളോളം പണിപ്പെട്ട് 12 മണിയോടെ മരം മുറിച്ച് ഗതാഗതം പുന:സ്ഥാപിച്ചു. പാനൂര്‍ സി.ഐ വി വി ബെന്നി, എസ്.ഐ വി.കെ ഷൈജിത്ത്, അഗ്‌നിശമന സേന ലീഡിങ്് ഫയര്‍മാന്‍ ഒ.കെ രജീഷ്, അസി. ഓഫീസര്‍ എന്‍.പി ശ്രീധരന്‍, കെ.എസ്.ഇ.ബി സബ് എന്‍ജിനിയര്‍ അമിത് വിജയന്‍, ഓവര്‍സിയര്‍ മനോജ് നേതൃത്വം നല്‍കി.
പാനൂരില്‍വൈദ്യുതി ലൈനിന് മുകളില്‍ വീണ മരം മുറിച്ചു നീക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങികല്ലിക്കണ്ടി കടവത്തൂര്‍ റോഡില്‍ തെണ്ടപ്പറമ്പിലാണ് റോഡിന് കുറുകെ വൈദ്യുത ലൈനില്‍ മരം കടപുഴകി വീണത്.
നാട്ടുകാര്‍ വൈദ്യുതി വകുപ്പു ജീവനക്കാരേയും പൊലിസിനെയും മറ്റുള്ളവരേയും വിവരമറിയിച്ചെങ്കിലും ഇതേ രീതിയില്‍ അപകടം നടന്ന സ്ഥലങ്ങളില്‍ തടസം നീക്കുന്ന തിരക്കിലായിരുന്നു എല്ലാവരും ഇതു മനസിലാക്കിയ നാട്ടുകാര്‍ ദിശ തെണ്ടപ്പറമ്പിന്റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റുകയായിരുന്നു
കൂത്തുപറമ്പ്: കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടിനു കേടുപറ്റി. ആമ്പിലാട് ചോരക്കുളത്തെ കെ.ജി സുധാകരന്റെ വീടിനാണു നാശനഷ്ടമുണ്ടായത്. വീടിന്റെ സണ്‍ഷേയ്ഡും റൂഫിങ്ങ് ഷീറ്റും വാട്ടര്‍ ടാങ്കും തകര്‍ന്നിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
കേളകം: കനത്ത മഴയില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചെട്ടിയാംപറമ്പ് മൂന്നുസെന്റ് കോളനിയിലെ പരുത്തനാല്‍ മേരിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല. മരം വീണതിന്റെ ആഘാതത്തില്‍ വീടിന്റെ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നീണ്ടുനോക്കി ഒറ്റപ്ലാവിലെ വേങ്ങമറ്റം ദേവസ്യയുടെ വീടിന്റെ അടുക്കളഭാഗത്തെ ഭിത്തി മഴയില്‍ ഇടിഞ്ഞുതാഴ്ന്നു. വീടിന്റെ അപകടാവസ്ഥ മൂലം വീട്ടുകാര്‍ മാറിതാമസിച്ചതാണ് വന്‍ അപകടം ഒഴിവാക്കിയത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മണ്‍കട്ട കൊണ്ട്് ഉണ്ടാക്കിയ വീടാണ് തകര്‍ന്നത്. അടുക്കളയില്‍ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും നശിച്ചു.
തലശ്ശേരി: റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തി ഇട്ടിരുന്ന കാറുകള്‍ക്കു മുകളില്‍ സ്റ്റേഷന്‍ പരിസരത്തെ മരം കനത്തകാറ്റില്‍ പൊട്ടിവീണ് നാലു കാറുകള്‍ക്കു നാശം. കെ.എല്‍ 58 ക്യു 8639, കെ.എല്‍ 58 ഡബ്ല്യു 588, കെ.എല്‍ 13 എ 25521 കെ.എല്‍ 07 എ.ഡബ്ല്യു 678 എന്നീ കാറുകളുടെ മുകളിലാണു മരംപൊട്ടി വീണ് കേടുപാടുകള്‍ സംഭവിച്ചത്. ഞായറാഴ്ച രാത്രിയോടെ ഉണ്ടായ കനത്ത കാറ്റിലാണു സംഭവം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത് പുറത്ത് പോയതിനാല്‍ ആര്‍ക്കും പരുക്കില്ല.
ഇരിക്കൂര്‍: തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയിലും കാറ്റിലും ഇരിക്കൂര്‍ പടിയൂര്‍ മേഖലകളില്‍ വന്‍തോതില്‍ കൃഷി നാശം.പ്ലാവ്, മാവ്, തെങ്ങ്, റബര്‍, കശുമാവുകള്‍, മറ്റുമരങ്ങളും കടപുഴകി വീണു.പല സ്ഥലങ്ങളിലും മരങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീണതിനെ തുടര്‍ന്ന് പടിയൂരില്‍ മൂന്നുദിവസങ്ങളായി വൈദ്യുതി ഇല്ലാതെ പ്രദേശം ഇരുട്ടിലാണ്. ഇരിക്കൂറിലും അയിപ്പുഴ മേഖലയിലും പടിയൂര്‍ പുത്തന്‍പറമ്പിലും വൈദ്യുതിയില്ല.
കഴിഞ്ഞ ദിവസം ബ്ലാത്തൂരിലും പരിസരങ്ങളിലും ആഞ്ഞടിച്ച കാറ്റില്‍ എ.സി.അബ്ദുനാസറിന്റെയും സത്താറിന്റെയും വീടുകളിലെ മേല്‍ക്കൂരകളിലെ ഷീറ്ററുകള്‍ പാറിപ്പോയി. സമീപ പ്രദേശങ്ങളിലെയും വീടുകളിലേയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ഓടുകളും ആസ്ബസ്സ്‌റ്റോഴ്‌സുകളും പാറിപ്പോയി. കാറ്റില്‍ കോളോട്ടെ കബീറിന്റെ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞു വീണു നശിച്ചു.
മുഴപ്പാല ബംഗ്ലാവ് മെട്ടക്ക് പരേതനായ കടുക്ക ഭാസ്‌കരന്റെ ഭാര്യ പുഷ്പവല്ലിയുടെ വീടിന് മുകളില്‍ വലിയ തേക്ക്മരം പൊട്ടിവീണു.സമീപത്തുള്ള പ്‌ളാവ് ,മാവ് എന്നിവയും പൊട്ടിവീണു.
വീട്ടില്‍ ആരു മില്ലാത്ത സമയമായതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. മരം വെട്ടിമാറ്റാന്‍ ശ്രമിക്കുകയായിരുന്ന മകന്‍ ഷൈജു ടെറസിന്റെ മുകളില്‍ നിന്നും വീണ് മംഗളൂരിരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."