പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 'ദി ഓവര്‍ സ്റ്റോറി'ക്ക് സാഹിത്യത്തിനുള്ള പുരസ്‌കാരം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൂട്ടക്കൊലകളും വെടിവയ്പുകളും മുതല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വരെ നിറഞ്ഞ് 2019ലെ പുലിറ്റ്‌സര്‍ പുരസ്‌കാര പ്രഖ്യാപനം. മാധ്യമ പ്രവര്‍ത്തനരംഗത്തെയും സാംസ്‌കാരിക രംഗത്തെയും മികവിന് യു.എസില്‍ നല്‍കപ്പെടുന്ന പരമോന്നത പുരസ്‌കാരമായ പുലിറ്റ്‌സറില്‍ ലോകത്തെ വലയ്ക്കുന്ന അഭയാര്‍ഥി പ്രശ്‌നങ്ങളും വിഷയമായി.
ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മിഷേല്‍ കോഹനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ട്രംപിനെതിരേയുള്ള ലൈംഗികാരോപണങ്ങളെ മായ്ച്ചുകളയാനുള്ള ശ്രമങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തതിന് ന്യൂസ് റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് ലഭിച്ചു. ട്രംപുമായി ബന്ധപ്പെട്ട നികുതി വിവരങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിശദീകരത്തിനാണ് ന്യൂയോര്‍ക്ക് ടൈംസ് പുരസ്‌കാരം നേടിയത്. പാര്‍ക്ക് ലാന്‍ഡ് വെടിവയ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങിന് സൗത്ത് ഫ്‌ളോറിഡ സണ്‍ എന്ന പത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
പീറ്റേഴ്‌സ്ബര്‍ഗ് വെടിവെയ്പിനെ കുറിച്ച് ലോകത്തെ ആദ്യം അറിയിച്ചതിന് പിറ്റസ്ബര്‍ഗ് പോസ്റ്റിനു ബ്രേക്കിങ് ന്യൂസ് ഗണത്തിലെ പുരസ്‌കാരം ലഭിച്ചു. ദക്ഷിണ കാലിഫോര്‍ണിയയിലെ ഒരു മെഡിക്കല്‍ സര്‍വകലാശാലയിലെ ഗൈനക്കോളജിസ്റ്റിന്റെ ലൈംഗിക പീഡന കഥകള്‍ പുറത്തുകൊണ്ടുവന്ന ലോസ് ആഞ്ചലസ് ടൈംസിനാണ് ഇത്തവണത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. സര്‍വകലാശാലയെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു.യുദ്ധവുമായി ബന്ധപ്പെട്ട് യമന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറംലോകത്തെ അറിയിച്ച അസോസിയേറ്റഡ് പ്രസ് മാധ്യമപ്രവര്‍ത്തകരും പുരസ്‌കാരം നേടി. റോഹിംഗ്യന്‍ അഭയാര്‍ഥി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തെ അറിയിച്ചതിനാണ് റോയിറ്റേഴ്‌സ് പുരസ്‌കാരം നേടിയത്. യമന്‍ യുദ്ധദുരിതങ്ങള്‍ കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ നരിമാന്‍ എല്‍ മൊഫിറ്റിക്കും വിഡിയോഗ്രാഫര്‍ മാഡ് അല്‍ സിക്രിക്കും പുരസ്‌കാരം ലഭിച്ചു.
സാംസ്‌കാരിക രംഗത്തെ മികവിന് നാടകകൃത്ത് ജാക്കി സിബ്‌ലീസ് ദ്രൂരിക്ക് പുരസ്‌കാരം ലഭിച്ചപ്പോള്‍ സാഹിത്യത്തിനുള്ള പുരസ്‌കാരം റിച്ചാര്‍ഡ് പവേഴ്‌സിന്റെ 'ദി ഓവര്‍ സ്റ്റോറി' സ്വന്തമാക്കി. യു.എസിലെ ഒരു പ്രാദേശിക പത്രത്തിന് പുരസ്‌കാരം ലഭിച്ചത് അവരുടെ ന്യൂസ് റൂമില്‍ നടന്ന ഭീകരമായ കൂട്ടക്കൊലയുടെ റിപോര്‍ട്ടിനാണ്. മേരിലാന്റിലെ ദ കാപിറ്റല്‍ ഗസറ്റ് പത്രത്തിനായിരുന്നു ഈ നിര്‍ണായകനിമിഷത്തിനു സാക്ഷികളാവേണ്ടിവന്നത്. പുരസ്‌കാര വാര്‍ത്ത അവരില്‍ അമിതാഹ്ലാദം ഉണ്ടാക്കിയില്ല. 2018 ജൂണില്‍ പത്രം ഓഫിസിലേക്ക് ഇരച്ചെത്തി അഞ്ചുപേരെ വെടിവച്ചു കൊന്ന സംഭവത്തിന്റെ ഓര്‍മ പരസ്പരം ആശ്ലേഷിച്ചാണ് അവര്‍ പങ്കുവച്ചത്. ഒരു ലക്ഷം യു.എസ് ഡോളറാണ് സമ്മാനത്തുക.
രാജ്യത്തെ രാഷ്ട്രീയ, സാംസ്‌കാരിക അന്തരീക്ഷത്തെ കൃത്യമായി മനസിലാക്കിക്കൊണ്ടാണ് വിധിനിര്‍ണയം ഉണ്ടായതെന്നും സത്യസന്ധമായി തൊഴില്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുമേല്‍ നിരന്തരം ആക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ പുരസ്‌കാരം നിര്‍ണായകമാണെന്നും പുലിറ്റ്‌സര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കാന്‍ഡി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."