ഒരു പാര്‍ട്ടിയോടും ബി.ഡി.ജെ.എസിന് അയിത്തമില്ല: തുഷാര്‍ വെള്ളാപ്പള്ളി
സുല്‍ത്താന്‍ ബത്തേരി: ബി.ഡി.ജെ.എസ് ആണ് യഥാര്‍ഥ മതേതരത്വ പാര്‍ട്ടിയെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി പറഞ്ഞു. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തികൊണ്ട് സംഘടനാ സംവിധാനം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ബി.ഡി.ജെ.എസിന് അയിത്തമില്ല. മൈക്രോ ഫിനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പി യോഗ നേതൃത്വം യാതൊരു വിധ സാമ്പത്തിക ക്രമക്കേടും നടത്തിയിട്ടില്ല. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് പണം മൈക്രോഫിനാന്‍സ് യൂനിറ്റുകളിലേക്ക് ചെക്ക് മുഖേനയാണ് നല്‍കിയിട്ടുള്ളത്.
യോഗത്തിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ പോലും വന്നിട്ടില്ല. ചില യൂനിയനുകള്‍ക്ക് ചില പിഴവ് സംഭവിച്ചിട്ടുണ്ട്. ഈ യൂനിയനുകള്‍ക്കെതിരെ യോഗം തന്നെ നടപടി എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു പഞ്ചായത്തില്‍ അഴിമതി നടന്നാല്‍ മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന് പറയുന്നത് പോലെയാണ് യോഗ നേതൃത്വത്തിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് തുഷാര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.കെ.ഷാജി അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി ടി.വി. ബാബു മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സമിതി അംഗങ്ങളായ സന്തോഷ് അരയാക്കണ്ടി, രാജേഷ് നെടുമങ്ങാട്, കെ.കെ.രാജപ്പന്, എന്‍ മണിയപ്പന്, അഡ്വ. അനില്‍ പി ബോസ്, കെ.ആര് കൃഷ്ണന്, കെ.കെ പ്രഭാകരന്, എം.ഡി സാബു, അനസൂയ രവി, ശാരദാനന്ദനന്, സെക്രട്ടറി ആര് പുരുഷോത്തമന്, ടി. വിശ്വനാഥന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."