തോരാമഴയില്‍ തീരാനഷ്ടം
കുമ്പള: കനത്തമഴയോടൊപ്പം രൂക്ഷമായ കടലാക്രമണവും കുമ്പള മേഖലയിലെ കടലോരത്ത് ദുരിതം വിതക്കുന്നു. ഉപ്പള മുസോടി അദീക്ക കടപ്പുറത്ത് പ്രധാന റോഡ് കടലെടുക്കുകയും മറ്റൊരു റോഡില്‍ കടല്‍മണ്ണ് നിറയുകയും ചെയ്തു. 20ഓളം വീടുകളില്‍ കടല്‍ ഇരച്ചു കയറി. കടലോരത്ത് നിരവധി വീടുകള്‍ കടലാക്രമണ ഭീതിയിലാണ്.
കുമ്പള കൊയിപ്പാടി, ഉപ്പള മുസോടി അദീക്ക, മൊഗ്രാല്‍ നാങ്കി എന്നിവിടങ്ങളില്‍ ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തിന് ശമനമില്ല. മുസോടി അദീക്കയില്‍ 13 വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ ആറ് മീറ്ററോളം കര കടലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രണ്ട് കുടുംബങ്ങളെ ഇവിടെനിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. ഉപ്പള മുസോടി അദീക്കയില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി തീരദേശ വികസന കോര്‍പറേഷന്‍ 67 ലക്ഷം രൂപ ചെലവില്‍ 2005ല്‍ നിര്‍മിച്ച മുസോടി അദീക്ക-കുളുപ്പുലു റോഡ് പൂര്‍ണമായും കടലെടുത്തു. ഇവിടെ റോഡുണ്ടായതിന്റെ അടയാളം പോലും ബാക്കിയില്ല.
കുമ്പള കൊയിപാടിയില്‍ 600 മീറ്ററിലധികം കടല്‍ഭിത്തി തകര്‍തിനാല്‍ ശക്തിയേറിയ തിരമാലയില്‍ 20ലേറെ വീടുകളില്‍ വെള്ളം കയറി. പ്രദേശത്തെ ഒരു റോഡ് മുഴുവന്‍ മണല്‍ മൂടി കാണാതായി.
നിരവധി വീടുകളില്‍ മണല്‍ കയറിയിട്ടുണ്ട്. കൊയിപ്പാടിയിലെ എസ്. സാബാന്‍, എം. ഹമീദ്, അബ്ദുല്‍ ഖാദര്‍, പള്ളികുഞ്ഞി അറബി, മുഹമ്മദ് റഫീഖ്, പള്ളികുഞ്ഞി മമ്മുഞ്ഞി, ബഷീര്‍, ഹസൈനാര്‍ മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് റജബ്, അസീസ് ബന്ധുവന്‍ കുഞ്ഞി, ആമിന ബന്ധുവന്‍കുഞ്ഞി, മുഹമ്മദ് മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് അഹമ്മദ് കുട്ടി, അബൂബക്കര്‍, ഹനീഫ് ബാവ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളില്‍ തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കുമ്പോള്‍ ഉയരം വര്‍ധിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
ഉപ്പള ശാരദാനഗര്‍ കടപ്പുറത്ത് കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ അപകടഭീഷണിയിലാണ്. നാല് വര്‍ഷം മുന്‍പ് തകര്‍ന്ന കടല്‍ ഭിത്തിക്ക് പകരം നിര്‍മാണം നടത്താത്തതാണ് ഇപ്പോഴത്തെ കടലാക്രമണത്തിന് കാരണം.
ബദിയഡുക്ക: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കുമ്പഡാജെയില്‍ ഒരു വീട് തകരുകയും നിരവധി വീടുകളുടെ ഓടുകള്‍ പാറിപോവുകയും ചെയ്തു. ശക്തമായ കാറ്റില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍ നിലം പതിച്ചു. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുമ്പഡാജെ സി.എച്ച് നഗറിലെ ഷംസുദ്ദീന്റെ ഓട് പാകിയ വീട് ഭാഗീകമായി തകര്‍ന്നു. ഭിന്ന ശേഷിക്കാരനായ മകനും ഷംസുദ്ദിനും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുണ്ട്യത്തടുക്ക പാടലടുക്കയിലെ അബ്ദുല്ലയുടേയും മല്ലം ചാത്തപാടി കണിയാമൂലയിലെ ദാമോദരന്റെയുമടക്കം നിരവധി വീടുകളുടെ ഓടുകള്‍ കാറ്റില്‍ പറന്നു പോയി. കുംബഡാജെ മാര്‍പ്പനടുക്കയില്‍ മരം കടപുഴകി വീണും മാര്‍പ്പനടുക്ക മുതല്‍ കര്‍വള്‍ത്തടുക്ക വരെയുള്ള സ്ഥലങ്ങളിലെ അഞ്ചോളം വൈദ്യുത പോസ്റ്റുകള്‍ നിലംപൊത്തിയതും കാരണം മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. അടിയന്തര പ്രാധന്യമുള്ള വാഹനങ്ങളെ കര്‍വള്‍ത്തടുക്ക വിദ്യാഗിരി വഴി കടത്തി വിടുകയായിരുന്നു.
മണിക്കൂറുകളുടെ ശ്രമഫലംകൊണ്ട് നാട്ടുകാരുടെ സഹകരണത്തോടെ നിലം പൊത്തിയ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും മരം മുറിച്ച് മാറ്റിയതിനു ശേഷം ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. അതേസമയം വൈദ്യുത പോസ്റ്റുകള്‍ നിലം പതിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക, പെര്‍ള, സീതാംഗോളി തുടങ്ങി വിവിധ വൈദ്യുതി ഓഫിസ് സെക്ഷന്‍ പരിധികളിലെ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായത് ജനങ്ങളെ ഏറെ വലച്ചു.
ചെര്‍ക്കള/ കുമ്പള: ശക്തമായ കാറ്റിലും മഴയിലും മുള്ളേരിയ, ചെര്‍ക്കള, കുമ്പള മേഖലകളില്‍ നൂറോളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണു. മുള്ളേരിയയിലും ഉപ്പളയിലും ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്നു. മരംവീണാണ് മിക്കയിടത്തും നാശം.
കുമ്പള മേഖലയില്‍ 35 വൈദ്യുത തൂണുകളും ഉപ്പളയില്‍ നയബസാറില്‍ ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നു. നിരവധി വൈദ്യുത തൂണുകള്‍ തകര്‍ന്ന് വീണതോടെ ഉപ്പള ഇരുട്ടിലായി. മുള്ളേരിയ കാടകം 13-ാം മൈലില്‍ മരം ഒടിഞ്ഞ് വീണ് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. ഈ മേഖല പൂര്‍ണമായും ഇരുട്ടിലായി. മുള്ളേരിയ സബ് സ്റ്റേഷന്‍ പരിധിയില്‍ 50 വൈദ്യുത തൂണുകള്‍ തകര്‍ന്ന് വീണു. നൂറോളം സ്ഥലങ്ങളില്‍ വൈദ്യുത കമ്പി പൊട്ടിവീണ് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ചെര്‍ക്കള മേഖലയില്‍ 16 വൈദ്യുത തൂണുകള്‍ തകര്‍ന്നു. ഉപ്പള സെക്ഷന്‍ കീഴിലെ ബേക്കൂറില്‍ കടകള്‍ക്ക് മുന്നില്‍ കെട്ടിയ വലിയ ഷീറ്റുകള്‍ കാറ്റില്‍ പറന്ന് വൈദ്യുത കമ്പിയില്‍ തട്ടിയതിനെ തുടര്‍ന്നാണ് 10ഓളം വൈദ്യുത ഹൈ ടെന്‍ഷന്‍ വൈദ്യുതി തൂണുകള്‍ നിലം പൊത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."