ഭദ്രകാളി മുടിപ്പുരയിലും കുരുങ്ങി സി.പി.എം
തിരുവനന്തപുരം: ശബരിമലയ്ക്കു പിന്നാലെ ഭദ്രകാളി മുടിപ്പുര വിഷയവും സി.പി.എമ്മിനു തലവേദനയാകുന്നു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ ഭദ്രകാളി മുടിപ്പുര ഉത്സവത്തോടനുബന്ധിച്ച് ഉച്ചഭാഷിണിയില്‍ മുഴങ്ങിയ നാമജപം തടസപ്പെടുത്തിയതാണ് സി.പി.എമ്മിന് ഇപ്പോള്‍ വിനയായിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ആറ്റിങ്ങലിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എ. സമ്പത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കാട്ടാക്കടയിലെത്തിയത്. രാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗം തീരുമാനിച്ചിരുന്നത്.
10.20ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗതപ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോള്‍ വേദിയിലേയ്ക്ക് തിരിച്ചു വച്ചിരുന്ന ഉച്ചഭാഷിണിയില്‍ ഉച്ചത്തില്‍ കേട്ട നാമജപത്തിന്റെ ശബ്ദാധിക്യം മൂലം മുഖ്യമന്ത്രിക്ക് പ്രസംഗം തുടരാന്‍ കഴിയാത്ത നിലയായി. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു. ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി.
ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി. ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ വേദിയില്‍ നിന്നിറങ്ങിപ്പോയി വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാമജപം തടസപ്പെടുത്തുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രി എത്തുന്നതിനു മുമ്പു തന്നെ ക്ഷേത്ര ഭാരവാഹികളോട് മുഖ്യമന്ത്രിയുടെ പ്രസംഗസമയം വേദിക്കരികില്‍ വച്ചിരിക്കുന്ന ഉച്ചഭാഷിണി ഓഫാക്കണമെന്ന് ഐ.ബി സതീഷ് ആവശ്യപ്പെട്ടിരുന്നുവെന്നും അത് സമ്മതിക്കുകയും എന്നാല്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോള്‍ ഭദ്രകാളി ക്ഷേത്രത്തിലെ സാധാരണ തോറ്റം പാട്ടിനു പകരം നാമജപ റെക്കോര്‍ഡ് ഇടുകയായിരുന്നുവെന്നുമാണ് ഇടതു മുന്നണിയുടെ വിശദീകരണം. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ ക്ഷേത്ര ആചാര പ്രകാരമാണ് ചെയ്തതെന്നും ഉച്ചഭാഷിണി ഓഫാക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും മനഃപൂര്‍വം വന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാമജപം തടസപ്പെടുത്തുകയായിരുന്നുവെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ മുടിപ്പുര വിഷയവും പ്രാദേശികമായി തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് ബി.ജെ.പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."