സുരേന്ദ്രന്റെ കൈയിലുള്ളത് അഞ്ചു ലക്ഷം മാത്രം; കേസുകളുടെ പരസ്യം കൊടുക്കാന്‍ 60 ലക്ഷം വേണം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തനിക്കെതിരായ കേസുകളുടെ എണ്ണം സംബന്ധിച്ച അവ്യക്തതയെ തുടര്‍ന്ന് വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടിവന്ന പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ വീണ്ടും സമ്മര്‍ദത്തിലായി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെതിരേ സംസ്ഥാനത്താകെ 242 കേസുകളാണുള്ളത്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം സ്ഥാനാര്‍ഥികളുടെ പേരിലുള്ള കേസുകള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദേശമുള്ള സാഹചര്യത്തില്‍ ഇതിനായി വന്‍തുക സുരേന്ദ്രനു ചെലവഴിക്കേണ്ടിവരും.
ഇതാകട്ടെ തന്റെ കൈയിലുണ്ടെന്നു കാണിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന തുകയുടെ പത്തിരട്ടിയിലധികം തുകയും. ഈ പ്രശ്‌നത്തില്‍നിന്ന് കരയറാന്‍ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ തന്നെ സമീപിച്ചിരിക്കുകയാണ്.
സ്ഥാനാര്‍ഥികള്‍ അവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ അവരുടെ മണ്ഡലം സ്ഥിതിചെയ്യുന്ന പ്രദേശത്ത് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ മൂന്നുതവണയും ഒരു തവണ ചാനലിലും പരസ്യമായി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഇതനുസരിച്ച് സുരേന്ദ്രന്റെ പേരിലുള്ള 242 കേസുകളും അവയുടെ വിശദാംശങ്ങളും ഒരു തവണ പത്രത്തില്‍ പരസ്യപ്പെടുത്തണമെങ്കില്‍ 20 ലക്ഷത്തോളം രൂപ ചെലവാകും. ഇത്തരത്തില്‍ മൂന്നു തവണ പരസ്യപ്പെടുത്തേണ്ടി വരുമ്പോള്‍ ചെലവ് 60 ലക്ഷമാകും. ഇതിനു പുറമെ ചാനലിലും ഇതേപരസ്യം കാണിക്കണമെങ്കില്‍ വീണ്ടും പണം ചെലവാകും.
ഇതെല്ലാം കൂടി തന്റെയും ഭാര്യയുടെയും കൈയിലും ബാങ്കിലുമായി ഉണ്ടെന്ന് സുരേന്ദ്രന്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം രൂപയുടെ അഞ്ചിരട്ടിയിലധികം വരും.
75 ലക്ഷം രൂപയാണ് ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. കേസുകള്‍ സംബന്ധിച്ച് പരസ്യം നല്‍കാന്‍ മാത്രം ഇത്രയും തുക ചെലവാകുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ നിര്‍ദേശം എങ്ങനെയാണ് പാലിക്കുന്നതെന്നാണ് ബി.ജെ.പി ചോദിക്കുന്നത്. ഇത് അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി പരാതി നല്‍കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്താന്‍ തയാറാകണമെന്നും വ്യക്തത ഇല്ലാത്തത് സ്ഥാനാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും കാണിച്ച് ബി.ജെ.പി വക്താവ് എം.എസ് കുമാറാണ് പരാതി നല്‍കിയത്.
സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകള്‍ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം. മൂന്നു പത്രങ്ങളിലോ ഒരു പത്രത്തില്‍ മൂന്നു തവണയോ പരസ്യം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
പരസ്യത്തിനുള്ള ചെലവ് പ്രത്യേകമായി ചെലവഴിക്കാന്‍ അനുവദിക്കുകയോ വിശദാംശങ്ങള്‍ ഒഴിവാക്കി കേസ് നമ്പര്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എസ് കുമാര്‍ പറഞ്ഞു.
ബി.ജെ.പി നല്‍കിയ പരാതി ഉചിതമായ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."