എച്ച്.എം.എല്‍ കേസില്‍ എം.എല്‍.എ നിലപാട് വ്യക്തമാക്കണം: ഐ.എന്‍.ടി.യു.സി
കല്‍പ്പറ്റ: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കേസ് അന്തിമഘട്ടത്തിലെത്തിയ വേളയില്‍ ഗവ പ്ലീഡര്‍ സുശീലഭട്ടിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയ സംഭവത്തില്‍ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എച്ച്.എം.എലിന്റെ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കടക്കം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.കെ ശശീന്ദ്രന്‍ നിരവധി തവണ സമരത്തിന് നേതൃത്വം നല്‍കിയതാണ്.
എച്ച്.എം.എലിനെതിരെ കേസ് വാദിക്കുന്ന സുശീലഭട്ടിനെ കേസിന്റെ വിധി പറയാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ നീക്കിയത് ദുരൂഹമാണ്. കേസ് അട്ടിമറിക്കാനുള്ള സി.ഐ.ടി.യു-എച്ച്.എം.എല്‍-എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ എച്ച്.എം.എലിനെതിരെ സമരം നടത്തിയ സി.കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കണം.
പ്രസ്തുതവിഷയത്തില്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് തീരുമാനമെടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഗവപ്ലീഡറെ മാറ്റുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സാലി റാട്ടക്കൊല്ലി, യൂത്ത് വിംഗ് ജില്ലാസെക്രട്ടറി പി കബീര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."