രാഹുലിന്റെ പ്രസംഗ പരിഭാഷ: താരമായി ജ്യോതി വിജയകുമാര്‍
കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പരിഭാഷക്കിടെ മുതിര്‍ന്ന നേതാവ് പി.ജെ കുര്യന് കണ്ഠമിടറിയപ്പോള്‍ കൊല്ലം ജില്ലയിലെ പത്താനപുരത്തെ യോഗത്തില്‍ രാഹുലിന്റെ പ്രസംഗം ആവേശം ചോരാതെ പരിഭാഷപ്പെടുത്തിയ ജ്യോതി വിജയകുമാറിന് താരപരിവേഷം.
പരിഭാഷയില്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നും ആശയം സ്ഫുടമായി അവതരിപ്പിച്ചുമാണ് ജ്യോതി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയത്.
രാഹുലിന്റെ പ്രസംഗത്തെക്കാളും വീര്യം കൂടിയതായിരുന്നു ജ്യോതിയുടെ പരിഭാഷ. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഓരോ വാക്കുകളും വ്യക്തമായിട്ടായിരുന്നു പരിഭാഷപ്പെടുത്തിയത്. പ്രസംഗം കഴിഞ്ഞ് മടങ്ങിയ രാഹുല്‍ ജ്യോതിയെ അഭിനന്ദിക്കുകയും ചെയ്തു.
തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ സോഷ്യോളജി അധ്യാപികയായ ജ്യോതി, ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഡി. വിജയകുമാറിന്റെ മകളാണ്. മൂന്നു തവണ രാഹുലിന്റെയും ഒരിക്കല്‍ സോണിയ ഗാന്ധിയുടെയും പ്രസംഗം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2011ല്‍ ജന്മനാടായ ചെങ്ങന്നൂരിലായിരുന്നു ആദ്യം പരിഭാഷകയായത്. രാഹുലിന്റേതായിരുന്നു പ്രസംഗം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും രാഹുലിന്റെ പരിഭാഷകയായി ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു.
രാഹുലിന്റെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞായിരുന്നു ജ്യോതിയുടെ പരിഭാഷ. പ്രസംഗത്തിനിടെ രാഹുലിനെ നിരീക്ഷിക്കുന്നതും തുണ്ടു പേപ്പറില്‍ അദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ വേഗത്തില്‍ കുറിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തൃപ്രയാറില്‍ ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റില്‍ പ്രതിനിധികളുടെ ആവശ്യങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാഹുല്‍ ഇംഗ്ലീഷിലും ഹിന്ദിയും നല്‍കിയ മറുപടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൈയടി നേടിയിരുന്നു.
ദേശീയ തലത്തില്‍ ചര്‍ച്ചയായ പ്രസംഗമാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2016ല്‍ തിരുവനന്തപുരത്ത് നടത്തിയത്. അന്ന് അത് ജനങ്ങളിലേക്ക് എത്തിച്ചത് ജ്യോതിയായിരുന്നു.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ കെ.എസ്.യു പാനലില്‍ കൗണ്‍സിലറായും ജനറല്‍ സെക്രട്ടറിയായും ആദ്യ ചെയര്‍പേഴ്‌സണായും ജ്യോതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് ജേണലിസം ഡിപ്ലോമ, ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദം എന്നിവ നേടിയിട്ടുണ്ട്.
ചില ടി.വി പരിപാടികളില്‍ അവതാരികയായും ദേശീയ മാധ്യമങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകയായും ജ്യോതി ജോലി ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."