നിലമ്പൂര്‍ ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍, ആളപായമില്ല
നിലമ്പൂര്‍: ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ നിലമ്പൂര്‍ ആഡ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുകയാണ്. അതേ സമയം വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കനത്ത മഴയെത്തുടര്‍ന്ന് നിലമ്പൂര്‍ പന്തീരായിരം വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. ആളപായമുണ്ടായിട്ടില്ല. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറ ജലവൈദ്യുതപദ്ധതിയുടെ മേല്‍ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ഇതേ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
കഴിഞ്ഞ രണ്ട് വര്‍ഷവും ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കാഞ്ഞിരപ്പുഴ ദിശമാറിയൊഴുകി മതില്‍മൂല കോളനി നാമാവശേഷമായിരുന്നു. ഓഗസ്റ്റ് ഒന്‍പതിന് ആഢ്യന്‍പാറക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അടക്കം ആറുപേര്‍ മരിച്ചിരുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."