റെയില്‍വേ ട്രാക്കില്‍ മരം വീണു; ട്രെയിനുകള്‍ വൈകി
കണ്ണൂര്‍: പരശുറാം എക്‌സ്പ്രസിന്റെ എന്‍ജിന്‍ തകരാറിലാവുകയും ട്രാക്കില്‍ മരംപൊട്ടി വീഴുകയും ചെയ്തതിനെ തുടര്‍ന്നു ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. ഇന്നലെ വൈകിട്ട് സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്താണു നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസിന്റെ എന്‍ജിനും വൈദ്യുതി ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോ ഗ്രാമും തകരാറിലായത്. ഇതേതുടര്‍ന്നു മംഗളൂരു ഭാഗത്തേക്കുള്ള എഗ്മോര്‍, സമ്പര്‍ക്കക്രാന്തി, ന്രേത്രാവതി ട്രെയിനുകള്‍ തലശ്ശേരി, എടക്കാട്, കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപം പിടിച്ചിട്ടു. ഇതിനിടെ രാത്രി എടക്കാടിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരവും പൊട്ടിവീണു. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ ചാല ഭഗവതി ക്ഷേത്രത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് മരം കടപുഴകി വീണത്. മംഗളൂരു ഭാഗത്തേക്കുള്ള വണ്ടികള്‍ മണിക്കൂറുകള്‍ വൈകി. കണ്ണൂരില്‍നിന്ന് അഗ്‌നിശമന സേനാ വിഭാഗം മറ്റൊരു സേവനത്തിലായതിനാല്‍ തലശ്ശേരിയില്‍നിന്നാണ് അഗ്‌നിശമന സേനഎത്തിയത്. ഇവര്‍ എത്തുമ്പോഴേക്കും നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മരം വെട്ടിമാറ്റി തടസം നീക്കി. തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് എടക്കാട് ഔട്ടറിലും കൊച്ചുവേളി ചണ്ഡീഗഡ് സമ്പര്‍ക്കക്രാന്തി എടക്കാടും മംഗള ലക്ഷദ്വീപ് നിസാമുദ്ദീന്‍ എക്‌സ്പ്രസ് തലശ്ശേരിയിലും മൂന്ന് മണിക്കൂറോളം പിടിച്ചിട്ടു.
പാല്‍ചുരത്ത് മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു
കേളകം: കണ്ണൂര്‍-വയനാട് പാതയിലെ ബോയ്‌സ്ടൗണ്‍-പാല്‍ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. രണ്ടാം വളവിലാണ് ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായത്. രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. ജെ.സി.ബി ഉപയോഗിച്ചാണ് റോഡില്‍ വീണ മണ്ണ് നീക്കംചെയ്തത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാല്‍ചുരത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്നത്. മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഇതുവഴി യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."