ദിര്ആയില് സിറിയന്‍ സര്‍ക്കാര്‍ മുന്നേറ്റം; തന്ത്രപ്രധാനമായ കുന്ന് പിടിച്ചെടുത്തു
ദമസ്കസ്: നാലുവര്‍ഷം മുന്‍പ് വിമതര്‍ കൈവശപ്പെടുത്തിയ ദിര്ആ പ്രവിശ്യ കീഴടക്കാനുള്ള സര്‍ക്കാര്‍ ശ്രമം ശക്തമാക്കി. ഇതിന്റെ ഭാഗമായി തന്ത്രപ്രധാനമായ അല്‍ ഹാറ കുന്ന് സൈന്യം പിടിച്ചെടുത്തു. ഇസ്റാഈല്‍ അധീനപ്പെടുത്തിയ ഗോലന്‍ ഹൈറ്റ്സിനു സമാന്തരമായി നില്ക്കുന്ന കുന്നാണിത്. ഇസ്റാഈലുമായി അതിര്‍ത്തി പങ്കിടുന്ന ഖുനൈത്ര പ്രവിശ്യയിലും സൈന്യം മുന്നേറ്റം തുടരുന്നു.
ദിര്ആ പ്രവിശ്യയുടെ ഏറ്റവും ഉയരമുള്ള പ്രദേശമായ അല്‍ ഹാറ കുന്ന് 2014 ഒക്ടോബറിലാണ് വിമതരുടെ കൈവശമെത്തുന്നത്. ഇവിടെ കഴിഞ്ഞ രണ്ടുദിവസമായി റഷ്യന്‍, സിറിയന്‍ സൈന്യങ്ങള്‍ ശക്തമായ ബോംബിങ് നടത്തുകയായിരുന്നു.
ഇസ്റാഈല്‍, റഷ്യ, ഇറാന്, യു.എസ് തുടങ്ങിയ വന്‍ ശക്തികളുടെ കൂടി പ്രശ്നമേഖലയാണ് സിറിയ പിടിച്ചെടുത്തിരിക്കുന്നത്. ഇവിടെ സിറിയന്‍ സൈന്യത്തെ വിന്യസിക്കണമെന്നും ഇറാനിയന്‍, ഹിസ്ബുല്ല സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിയണമെന്നും ഇസ്റാഈല്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതു ചര്‍ച്ചയായി. ഇസ്റാഈലിന്റെ സുരക്ഷയ്ക്കു വേണ്ടി ഒന്നിച്ചുപോവാമെന്ന് ട്രംപും പുടിനും സമ്മതിച്ചു. സിറിയയില്‍ ഇറാനിയന്‍ സൈന്യത്തിന്റെ സാന്നിധ്യം ചര്‍ച്ച ചെയ്യാന്‍ പുടിന് കഴിഞ്ഞദിവസം ഇസ്റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."