ഓര്‍ക്കണം, നെഹ്‌റുവിനെ
സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടൊപ്പംനിന്ന് ഇന്ത്യന്‍ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ച വനിതയായിരുന്നു പൂപ്പുല്‍ ജയ്കര്‍. ഇന്ത്യന്‍ കൈത്തറിയുടെയും കരകൗശല വസ്തുക്കളുടെയും വിവിധ സംസ്‌കാര ധാരകളുടെയും പേരും പെരുമയും ലോകമെമ്പാടും എത്തിച്ച വനിത. ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നീ മൂന്ന് പ്രധാന സ്ഥാപനങ്ങളും ഉദിച്ചുയര്‍ന്ന അമ്പതുകളാണ് കാലഘട്ടം. വലിയ ഉള്‍ക്കാഴ്ചയോടെയും പ്രതീക്ഷയോടെയും ഇന്ത്യയുടെ വളര്‍ച്ചയും വികസനവും സ്വപ്നം കണ്ട പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് പൂപ്പുല്‍ ജയ്കര്‍ പൂര്‍ണ പിന്തുണ നല്‍കിപ്പോന്നു.
1955-ല്‍ പൂപ്പുല്‍ ജയ്കര്‍ അമേരിക്ക സന്ദര്‍ശിച്ചു. ന്യൂയോര്‍ക്കിലെ മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെയും തുണിത്തരങ്ങളുടെയും പ്രദര്‍ശനത്തിനു മേല്‍നോട്ടം വഹിക്കാനാണ് അവര്‍ എത്തിയത്. അമേരിക്കയില്‍ വാസ്തുശില്‍പ അനുബന്ധ മേഖലയ്ക്കും വലിയ പ്രാധാന്യം കിട്ടിയിരുന്ന കാലം. ഈ മേഖലയില്‍ പ്രത്യേകിച്ച് ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ രംഗത്ത് വലിയ പ്രസിദ്ധി നേടിയ ചാള്‍സ് ഈംസ് (1907-1978) ബെര്‍ണിസ് റേ ഈംസ് (1912-1988) എന്നീ ദമ്പതികളെ പൂപ്പുല്‍ ജയകാര്‍ അവിടെ പരിചയപ്പെട്ടു. രണ്ട് ഉന്നത വ്യക്തികളെ കണ്ട കാര്യം അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അവരെ ഉടന്‍ ഡല്‍ഹിയിലേക്ക് ക്ഷണിക്കാന്‍ നെഹ്‌റു നിര്‍ദേശം നല്‍കി. ക്ഷണം സ്വീകരിച്ച് ഇരുവരും അടുത്ത വര്‍ഷം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. പുതിയൊരു ജനാധിപത്യ രാജ്യമായി രൂപംകൊണ്ടു വളരാന്‍ തുടങ്ങുന്ന ഇന്ത്യക്ക് ഉചിതമായൊരു ഡിസൈന്‍ സങ്കല്‍പം വേണമെന്നും അതിന് എന്തു ചെയ്യാനാവുമെന്നുമായിരുന്നു നെഹ്‌റുവിന്റെ ചോദ്യം. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് പ്രശസ്തിയുടെ കൊടുമുടി കയറിയ രാജാ രവിവര്‍മ (1848-1906), കെ.സി.എസ് പണിക്കര്‍ (1911-1977) എന്നീ ചിത്രകാരന്മാര്‍ ഉദിച്ചതെന്നതും ശ്രദ്ധിക്കണം. ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച് ഇവിടത്തെ കലയെയും രൂപത്തെയും രൂപവൈവിധ്യത്തെയും ആധുനികതയുടെ വഴിത്താരയിലേക്ക് നയിക്കാന്‍ സഹായിക്കുക എന്നതായിരുന്നു നെഹ്‌റു അവരെ ഏല്‍പിച്ച ദൗത്യം.
ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ ചാള്‍സ് ഈംസ് ദമ്പതികള്‍ 1958-ല്‍ തങ്ങളുടെ പരീക്ഷണങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഉള്‍പ്പെടുത്തി 'ഇന്ത്യാ റിപ്പോര്‍ട്ട്' എന്ന പേരില്‍ വിശദമായ ഒരു റിപ്പോര്‍ട്ട് നെഹ്‌റുവിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നെഹ്‌റു 1961-ല്‍ അഹമ്മദാബാദില്‍ എന്‍.ഐ.ഡി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍) എന്ന സ്ഥാപനം സ്ഥാപിച്ചത്, അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷന്റെയും അഹമ്മദാബാദിലെ വിക്രം സാരാഭായി കുടുംബത്തിന്റെയും പിന്തുണയോടെ. ഇന്ന് ലോകത്ത് തല ഉയര്‍ത്തി നില്‍ക്കുന്നു ഈ വിദ്യാഭ്യാസ സ്ഥാപനം. ആധുനിക ഡിസൈനിങ് രംഗത്തേക്ക് ഏറ്റവും പ്രഗത്ഭരായ ഇന്ത്യന്‍ യുവാക്കളെ കൈപിടിച്ചു കയറ്റുന്ന വലിയ സ്ഥാപനം.
അന്‍പതുകളില്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച പ്രധാനമന്ത്രിയെ ഉദ്യോഗസ്ഥരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും കുറ്റപ്പെടുത്തി. ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയില്‍ രാജ്യത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രി ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ടക്കാന്‍ നടക്കുന്നുവെന്നായിരുന്നു ഇക്കൂട്ടരുടെ ആക്ഷേപം. ഈ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനാണ് നെഹ്‌റു എന്‍.ഐ.ഡി അഹമ്മദാബാദില്‍ സ്ഥാപിച്ചത്, തലസ്ഥാന നഗരത്തില്‍നിന്ന് വളരെയകലെ. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദൂരക്കാഴ്ചയും ഭാവനയും വിശദീകരിക്കാനാണ് എന്‍.ഐ.ഡിയുടെ തുടക്കത്തെക്കുറിച്ച് ഇത്രയും പറഞ്ഞത്. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി നെഹ്‌റുവിന് വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നു. നിയമം പഠിച്ച് പ്രഗത്ഭനായ അഭിഭാഷകനെന്ന് പേരെടുത്തെങ്കിലും ഭരണാധികാരിയായപ്പോള്‍ ശാസ്ത്ര- സാങ്കേതിക വിഷയങ്ങളോട് അദ്ദേഹം വളരെയധികം ആഭിമുഖ്യം കാണിച്ചു. രാജ്യത്ത് ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) രൂപം കൊണ്ടതും ലോകത്തെ ഏറ്റവും മികവുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി വളര്‍ന്നതും വലിയ ഉദാഹരണം. 1961-ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആക്ട് ഇന്ത്യയില്‍ ഭരണരംഗത്തുള്ളവരൊക്കെയും ശ്രദ്ധിച്ചു വായിക്കേണ്ട ഒരു നിയമമാണ്. ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നാണ് നിയമം ഈ സ്ഥാപനങ്ങളെ വിവക്ഷിക്കുന്നത്. ഓരോ ഐ.ഐ.ടിയുടെയും മാനേജ്‌മെന്റിന്റെ അധികാരവും സ്വഭാവവും അക്കാദമിക് നിലവാരവുമൊക്കെയും ഉറപ്പ് വരുത്തുന്ന നിയമം. ഡല്‍ഹി, ചെന്നൈ, കാണ്‍പൂര്‍, ഗൊരഖ്പൂര്‍, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ 16 കേന്ദ്രങ്ങളിലായാണ് ഈ മഹല്‍സ്ഥാപനങ്ങള്‍ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ കുട്ടികളെ തെരഞ്ഞെടുക്കാന്‍ കുറ്റമറ്റ പ്രവേശന പരീക്ഷയും വിഭാവനം ചെയ്തു നിയമത്തില്‍. ഇപ്പോള്‍ കേരളത്തില്‍ പാലക്കാട്ടുമുണ്ട് ഐ.ഐ.ടി.
പുതിയ ചിന്തകളും പുതിയ വീക്ഷണങ്ങളും മനസിലാക്കുന്നതിന് ഇന്ത്യയിലും പുറത്തുമുള്ള വ്യക്തികളുമായി ആശയ സമ്പര്‍ക്കം പുലര്‍ത്താന്‍ നെഹ്‌റു ആഗ്രഹിച്ചിരുന്നു. വളരുന്ന ഒരു ജനാധിപത്യ രാജ്യത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കാന്‍ മികവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബ്രിട്ടനില്‍ പഠിക്കുന്ന കാലത്ത് സമകാലീനരായ വലിയ ചിന്തകരും ശാസ്ത്രജ്ഞരും അധ്യാപകരുമായൊക്കെയും നെഹ്‌റു അടുത്ത സമ്പര്‍ക്കം പുലര്‍ത്തി. ബെര്‍ട്രാന്‍ഡ് റസല്‍, ആല്‍ഡഡ് ഹക്‌സ് തുടങ്ങി ധാരാളം മഹാത്മാക്കള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. 1957-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് നെഹ്‌റു ഇങ്ങനെ പ്രസംഗിച്ചു: 'ഇന്നലെ ഞാന്‍ ഹിരാക്കുഡിലായിരുന്നു. ഇന്ത്യയുടെ പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ച മഹത്തായ ഹിരാക്കുഡ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത ശേഷമാണ് ഇങ്ങോട്ട് വരുന്നത്. അതിനു തലേന്ന് നളന്ദയില്‍ ഒരു പ്രത്യേക ചടങ്ങിലും പങ്കെടുത്തു. 1500 വര്‍ഷം മുന്‍പ് മഗധ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് നളന്ദ സര്‍വകലാശാല പ്രവര്‍ത്തിച്ചിരുന്നു. മഹത്തായ ഒരു സര്‍വകലാശാല'. കൃത്യം ഒരു വര്‍ഷത്തിനു ശേഷം ഗോഹട്ടി സര്‍വകലാശാലാ വിദ്യാര്‍ഥികളോട് സംസാരിച്ച നെഹ്‌റു ഇങ്ങനെ പറഞ്ഞു: ' നാം ജീവിക്കുന്നത് ഒരു ശാസ്ത്ര യുഗത്തിലാണ്. നമ്മുടെ ചുറ്റും കാണുന്നതെന്തും ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സൃഷ്ടിയാണ് '. കൃഷി, പൊതുഭരണം, വ്യവസായം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് സമൂഹത്തെ നയിക്കുന്നതെന്ന് മനസിലാക്കിയ നെഹ്‌റു ഓരോ മേഖലയുടെയും വിദഗ്ധമായ നടത്തിപ്പിന് മാനേജ്‌മെന്റ് പഠനവും അത്യാവശ്യമാണെന്ന് മനസിലാക്കി. അങ്ങനെയാണ് ഐ.ഐ.എം എന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് രൂപപ്പെട്ടത്. ആദ്യത്തെ ഐ.ഐ.എം കൊല്‍ക്കത്തയിലാണ് തുടങ്ങിയത് 1961 നവംബറില്‍. ഒരു മാസത്തിനുശേഷം ഐ.ഐ.എം അഹമ്മദാബാദും തുടങ്ങി. ഇന്ത്യന്‍ ഐ.ഐ.എമ്മുകള്‍, കോഴിക്കോട് ഐ.ഐ.എം ഉള്‍പ്പെടെ ലോകത്തെതന്നെ മികച്ച മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളത്രെ.
സി.എസ്.ഐ.ആര്‍ (കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്), ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) എന്നീ വലിയ സ്ഥാപനങ്ങളുടെ കീഴില്‍ രാജ്യമൊട്ടാകെ 45-ലേറെ വന്‍കിട ലബോറട്ടറികളാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് രൂപമെടുത്തത്. ആണവോര്‍ജ വികസന കേന്ദ്രങ്ങളും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളും വേറെ. പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവര്‍ത്തന സമയത്തും അദ്ദേഹത്തിനുണ്ടായിരുന്ന ശാസ്ത്രബോധം പില്‍ക്കാലത്ത് ഒരു വലിയ അഭിനിവേശമായി മാറുന്നതായി കാണാം.
'ഇന്ത്യയെ കണ്ടെത്തല്‍' (ദ ഡിസ്‌കവറി ഓഫ് ഇന്ത്യ) എന്ന ഗ്രന്ഥത്തില്‍ നെഹ്‌റുവിന്റെ ശാസ്ത്രത്തിലുള്ള വിശ്വാസം നന്നായി തെളിയുന്നുണ്ട്. നെഹ്‌റുവിന്റെ വാക്കുകള്‍: ലോകത്തെ ഏത് ജനതയ്ക്കും ശാസ്ത്രവും ശാസ്ത്രബോധവും അനിവാര്യം തന്നെയാണ്. അത് സത്യവും അറിവും തേടിയുള്ള പ്രയാണമാണ്'. 1956-ല്‍ത്തന്നെ ഡല്‍ഹിയില്‍ അദ്ദേഹം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിച്ച കാര്യം ഓര്‍ക്കുക, ഇന്നും ഇന്ത്യ ചികിത്സാരംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപനം.
1957-ലെ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ മാറിമാറി കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്കും വിദ്യാഭ്യാസം ഒരു പ്രധാന വിഷയം തന്നെയായിരുന്നു. 1957-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നും പ്രസക്തമായ വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചത്. സ്‌കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുക, പരിശീലനം സിദ്ധിച്ച അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും നിയമിക്കാന്‍ നടപടി സ്വീകരിക്കുക, പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കുക എന്നിങ്ങനെ സാര്‍വത്രിക വിദ്യാഭ്യാസത്തിലേക്കുള്ള ഒരു ഉറച്ച കാല്‍വയ്പ്പായിരുന്നു ഈ നിയമം. ഈ നിയമത്തിന്റെ പേരിലാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഇ.എം.എസ് ഗവണ്‍മെന്റിനെതിരേ തിരിഞ്ഞതും ചരിത്രപ്രസിദ്ധമായ വിമോചന സമരത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കിയതും. 1971-ലെ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും പിന്തുണ നല്‍കിയ സ്വകാര്യ കോളജധ്യാപക സമരം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. 1967-ലെ ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്തു തന്നെയാണ് മലപ്പുറം ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചത്. മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയായിരുന്നു വിദ്യാഭ്യാസ മന്ത്രി. പിന്നെ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയും രണ്ടാം യു.പി.എ. ഭരണകാലത്ത് കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാലയും നിലവില്‍ വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച കേരള സാങ്കേതിക സര്‍വകലാശാലയും ഇപ്പോഴത്തെ ഗവണ്‍മെന്റ് രൂപീകരിച്ച ഡിജിറ്റല്‍ സര്‍വകലാശാലയും വലിയ നേട്ടങ്ങള്‍ തന്നെ. പക്ഷേ, കേരളം ഇനിയും വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത്.
നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസത്തെക്കുറിച്ച് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുണ്ടായിരുന്ന വിശാലമായ കാഴ്ചപ്പാട് വിശദമായി പറഞ്ഞത്. ഒപ്പം കേരളം കൈവരിച്ച വലിയ നേട്ടങ്ങളിലേക്ക് ഒരെത്തി നോട്ടവും. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ഇന്നും വാനോളം ഉയര്‍ന്നു നില്‍ക്കുന്ന പ്രകാശഗോപുരങ്ങളാണ് നെഹ്‌റു സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും. എല്ലാം പൊതു ഉടമസ്ഥതയില്‍ മാത്രം. സ്വകാര്യ മേഖലയ്ക്കുവേണ്ടി ഒരിക്കലും അദ്ദേഹം ഒന്നും മാറ്റിവച്ചില്ല. വിദേശ സര്‍വകലാശാലകളെ ഇറക്കുമതി ചെയ്തിട്ടില്ല. വിദ്യാഭ്യാസരംഗം കച്ചവടത്തിനു തുറന്നുകൊടുത്തതുമില്ല. ഓര്‍ക്കണം, നെഹ്‌റുവിനെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."