വ്യാജ പേരില്‍ വില്‍പന നടത്തുന്ന ബിരിയാണി അരിയുടെ വന്‍ ശേഖരം പിടികൂടി
വടകര: ട്രാന്‍സ് കമ്പനിയുടെ പേരില്‍ വില്‍പ്പന നടത്തുന്ന വ്യാജ ബിരിയാണി അരിയുടെ വന്‍ ശേഖരം വടകരയില്‍ പിടികൂടി. ചോറോട് ബാലവാടിക്കടുത്ത് ദില്‍ന ട്രേഡേഴ്‌സിന്റെ ഗോഡൗണിലാണ് കയമ അരി കണ്ടെത്തിയത്. ഈ സ്ഥാപനത്തില്‍ വടകര പൊലിസ് നടത്തിയ പരിശോധനയില്‍ 65 ചാക്ക് കയമ അരി കണ്ടെടുത്തു.
പരിശോധനയില്‍ ട്രാന്‍സ് കമ്പനിയുടെ വ്യാജലേബലാണെന്ന് വ്യക്തമായി. ട്രാന്‍സ് കമ്പനിയുടെ കയമ അരിക്ക് വടകര മേഖലയില്‍ ഇടക്കാലത്ത് വില്‍പന കുറവാണെന്ന് കമ്പനി എക്‌സിക്യൂട്ടീവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കല്യാണ വീട്ടിലെ പാചകക്കാര്‍ തയാറാക്കിയ ബിരിയാണി മോശമാണെന്ന പരാതി ലഭിച്ചത്. കമ്പനിയുടെ അരിയുടെ ഗുണം കുറഞ്ഞുവെന്ന പ്രചാരണത്തിനിടയിലാണ് കമ്പനി എക്‌സിക്യൂട്ടീവ് കല്യാണ വീട്ടിലെ കയമ അരിയുടെ ചാക്ക് പരിശോധിച്ചതും വ്യാജമാണെന്നു കണ്ടെത്തിയതും.
കല്യാണ വീട്ടിലേക്ക് വേണ്ട ബിരിയാണി അരി വാങ്ങിയത് കരിമ്പനപ്പാലത്ത് നിന്നാണെന്നു ബോധ്യമായി. ഇവിടേക്ക് അരി കൊണ്ടുവന്നതാവട്ടെ ബാലവാടിയിലെ ദില്‍ന ട്രേഡേഴ്‌സില്‍ നിന്നും. ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയ ട്രാന്‍സ് കമ്പനി മാനേജിങ് ഡയരക്ടര്‍ പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ സൈഫുല്‍ റഹ്മാന്‍ വടകര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് എസ്.ഐ ഷൈന്‍, അഡീഷണല്‍ എസ്.ഐ സുരേന്ദ്രന്‍, എ.എസ്‌ഐ ജയദാസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ രജീഷ് പടിക്കല്‍, ഷിനു എന്നിവരടങ്ങിയ സംഘം സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. പശ്ചിമ ബംഗാളില്‍ നിന്നാണ് ട്രാന്‍സ് കമ്പനിയുടെ വ്യാജ ബിരിയാണി അരി എത്തുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഗുണം കുറഞ്ഞ അരി കൂടുതല്‍ വിലക്ക് വിറ്റ് വന്‍തുക കൊയ്യുകയാണ് ചെയ്യുന്നത്. 55 രൂപയുടെ അരിയാണ് ട്രാന്‍സ് കമ്പനിയുടെ ലേബലോടെയുള്ള ചാക്കില്‍ 74 രൂപക്ക് വില്‍ക്കുന്നത്. മാസങ്ങളോളമായി ഈ ഇടപാട് നടക്കുന്നുവെന്നാണ് പറയുന്നത്. ബാലവാടിയിലെ ഗോഡൗണില്‍ നിന്നു കണ്ടത്തിയ അരി പൊലിസ് പ്രത്യേക മുറിയിലാക്കി അടച്ചുപൂട്ടിയിരിക്കുകയാണ്. കുടുതല്‍ അന്വേഷണം ഉടന്‍ നടത്തുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."