കര്‍ക്കിടകവും രാമനും പിന്നെ പാര്‍ട്ടികളും
ബ്രഹ്മദിനമായ 8,600,000,000 സംവത്സരങ്ങളില്‍ ഒരു പ്രാവശ്യം ഭഗവാന്‍ ഈ ഗ്രഹത്തില്‍ അവതരിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. കലികാലത്ത് പൊതുവെ ജനങ്ങള്‍ക്ക് ഭൗതിക സൗകര്യങ്ങളില്‍ സന്തോഷമുണ്ടാവുന്നു. അധികാരങ്ങള്‍ ഒരുതരം ഭൗതിക സുഖാനന്ദമാണല്ലോ. അനേക നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട സംസ്‌കാരങ്ങളുടെ സംഗമമാണ് ഹൈന്ദവത. പലരും പലവിധം വ്യാഖ്യാനിച്ചതിനാല്‍ പൂജ, ധര്‍മ്മ, ധ്യാന, പ്രതിഷ്ഠകളില്‍ വൈരുധ്യം ഉണ്ടായി.
മതവല്‍കൃത രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ ബി.ജെ.പി രാമായണവും രാമനും രാഷ്ട്രീയ ആയുധമാക്കി. രാമജന്മസ്ഥാന്‍ ഉദാഹരണം മാത്രം. ഈ ആശയം കടമെടുക്കാന്‍ സി.പി.എം വന്നതാണ് ശോഭായാത്രയും രാമായണ പഠന സംഗമങ്ങളും നല്‍കുന്ന പാഠം.
കര്‍ക്കിടക മാസം രാമായണ പാരായണ മാസമായി ഹിന്ദുക്കള്‍ ആചരിച്ചുവരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടികള്‍ ഇടപെട്ടാല്‍ മതേതരത്വമാണ് ഊര്‍ധ്വം വലിക്കുക. ഗംഗാജലത്തിന് ചില സവിശേഷതകള്‍ ഉണ്ട്. ഏതൊരു ബാക്ടീരിയക്കും ആറു മണിക്കൂറിലധികം ഈ ജലത്തില്‍ ജീവിക്കാനാവില്ല. ഹിമാലയമാണ് ഗംഗയുടെ ഗര്‍ഭസ്ഥാന്‍. നദി അശുദ്ധമാകാതിരിക്കാനാവണം പൂര്‍വികര്‍ കല്‍പിച്ച ദൈവിക പരാവേശം. ഉമാഭാരതി അടക്കം തീവ്ര ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ഈ ആത്മീയത ഭൗതികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. ഗംഗാജലം പുണ്യമാണെന്ന് വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. രണ്ടും വിശ്വാസമാണ്. ഇത് അംഗീകരിക്കലാണ് ഇന്ത്യയുടെ ആത്മാവ്. സഹിഷ്ണുതയിലടങ്ങിയ ഉദാത്ത മൂല്യം. ഹൈന്ദവതയുടെ ഈ ഭാവത്തെയാണ് പാര്‍ട്ടികള്‍ പരിഹസിക്കുന്നത്.
ഗാന്ധിജി വായിച്ച രാമനെയല്ല വര്‍ഗീയവാദികള്‍ വായിച്ചത്. രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയുടെ സമാന്തരമാണ് വര്‍ഗീയവാദികള്‍ വ്യാഖ്യാനിച്ചത്. കര്‍ക്കിടക മാസം വറുതിയുടെ കൂടി മാസമാണ്. മനശാന്തിക്ക് ഹൈന്ദവ വിശ്വാസികള്‍ രാമായണം വായിക്കുന്നു. പൂച്ചക്ക് പൊന്നു തൂക്കുന്നിടത്ത് കാത്തു നില്‍ക്കേണ്ടതില്ല. മീന്‍ മുറിക്കുന്നിടത്താണവരുടെ സ്ഥാനം. രാമായണവും രാഷ്ട്രീയ ആയുധമാക്കുന്ന നിലപാട് വര്‍ഗീയത കൂടുതല്‍ വളര്‍ത്തുന്നതിനേ ഇടയാക്കൂ.
അഭിമന്യു ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
കേരളത്തിലെ തിരക്കേറിയ എറണാകുളം നഗരമധ്യത്തില്‍ മഹാരാജാസ് കോളജ് കാംപസില്‍ അഭിമന്യു എന്ന വിദ്യാര്‍ഥിയെ കശാപ്പു ചെയ്തത് മാപ്പര്‍ഹിക്കാത്ത പാതകം തന്നെയാണ്. എന്നാല്‍ ഈ കൊലകള്‍ പ്രഥമ സംഭവമായിരുന്നില്ല. ഭാരതത്തില്‍ എത്ര ലക്ഷങ്ങളെ ആര്‍.എസ്.എസുകാര്‍ കൊന്നു. സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ചാണ് കൊലകള്‍ നടത്തിവരുന്നത്. ഓരോ കൊലയും ആലോചിച്ചും പ്രചരിപ്പിച്ചും രക്തസാക്ഷി സ്തൂപങ്ങള്‍ നിര്‍മിച്ചും പകയുടെ രാഷ്ട്രീയം വളര്‍ത്തുന്നവരറിയുന്നില്ല വീണ്ടുമൊരു കൊലക്കത്തി മനസുകളില്‍ രൂപപ്പെടുന്നത്. അഭിമന്യു കൊല്ലപ്പെടാന്‍ കളമൊരുക്കിയത് പൊതുബോധമല്ല. എന്നാല്‍ ഇത്തരം ഒരു ചീത്ത പരിസരം നിര്‍മിച്ച സാഹചര്യങ്ങള്‍ കൂടി വിചാരണ ചെയ്യപ്പെടണം. മനുഷ്യമനസില്‍ മാലിന്യം നിക്കയ്ക്കുന്ന പാര്‍ട്ടികള്‍ ഉറക്കെയാണ് ചിന്തിക്കേണ്ടത്.
1992ലെ ബാബരി മസ്ജിദ് ദുരന്തം തീര്‍ത്ത മുറിവുകള്‍, പീഡന വിഭ്രാന്തി, പ്രതിരോധം, അവിശ്വാസമായും ന്യൂനപക്ഷങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ പാര്‍ട്ടികളും മാധ്യമങ്ങളും പ്രതികളാണ്. ഭൂരിപക്ഷാധിപത്യം വികസിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളും ഭരണകൂടത്തിന്റെ നിസംഗതയും പരിശോധിക്കപ്പെടണം.
ആശയ പ്രചാരണത്തിന്നപ്പുറത്തുള്ള ആള്‍ബല രാഷ്ട്രീയം ഒരു യാഥാര്‍ഥ്യമാണ്. ഒരു പഞ്ചായത്ത് വാര്‍ഡ് ജയിക്കാന്‍ അല്‍ഖ്വയ്ദയായി പോലും സഖ്യം കൂടാന്‍ മടിച്ച ഏത് പാര്‍ട്ടികളാണ് കാണാനാവുക. ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞത് അവരുടെ മാത്രം മിടുക്ക് കൊണ്ടല്ല. മത്സരിച്ചു നടത്തിയ പ്രചാരണങ്ങളാണ് കാരണം. അഭിമന്യു അവസാനത്തെ ഇരയാവട്ടെ എന്നാണ് സുമനസുകളുടെ പ്രാര്‍ഥന. മോഹന്‍ലാല്‍ ദിലീപിനു വേണ്ടി പ്രാര്‍ഥിക്കുന്നതു പോലെ കപട പ്രാര്‍ഥനയാവരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ കാലിക വെല്ലുവിളികള്‍ക്ക് കാതുകൊടുക്കുന്നതു പോലെ ഭാവി വെല്ലുവിളികളും അഭിമുഖീകരിക്കാന്‍ കരുത്തു നേടണം.
സ്വവര്‍ഗ വിവാഹം
മാനസികാരോഗ്യ നിയമം 21; ഇന്ത്യന്‍ ശിക്ഷാ നിയമം 377 വ്യാഖ്യാനിച്ച് തീര്‍പ്പാക്കുന്നതിന് കാത്തുനില്‍ക്കുകയാണ്. ലിംഗ വ്യത്യാസമില്ലാതെ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതിക്ക് മുമ്പിലുള്ളത്. പുരുഷന്‍, സ്ത്രീ, നപുംസകര്‍ എന്നിങ്ങനെ മൂന്ന് തരക്കാരാണ് ഭൂമുഖത്ത് കാണപ്പെടുന്നത്. മൃഗങ്ങളിലും സസ്യങ്ങളിലും ഈ വര്‍ഗ വ്യത്യാസം ഉണ്ട്. വംശവര്‍ധനവിന് ഇതാവശ്യമാണ്. 23+23=46 ക്രോമസോമുകള്‍ ചേര്‍ന്നാണ് ഒരു ജന്മം രൂപപ്പെടുന്നത്. എന്നാല്‍ സ്‌കോട്‌ലന്‍ഡുകാരനായ ഇയാന്‍ വില്‍മുട്ട് 1996ല്‍ ഒരു പെണ്ണാടിന്റെ അകിടില്‍ നിന്ന് സ്വീകരിച്ച ക്രോമസോമുകള്‍ കൊണ്ട് ഡോളി എന്ന ആട്ടിന്‍കുട്ടിയെ നിര്‍മിച്ചിരുന്നു.ക്ലോണിങ് എന്നാണ് ശാസ്ത്രലോകം ഇതിന് പേരിട്ടത്. ഇവിടെ ആണ്‍ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇതൊരു അപൂര്‍വ കേസും ചെലവേറിയ നിര്‍മിതിയുമാണ്.വംശവര്‍ധനവ് കൂടി പരിഗണിച്ചാണ് വിവാഹം സാധുവായത്.
ഇന്ത്യന്‍ ഭരണഘടന നിയമജ്ഞരുടെ പറുദീസയാണ്. തലങ്ങും വിലങ്ങും വ്യാഖ്യാനിക്കാനെളുപ്പമാണ്. വിവാഹം ആണും ആണും എന്നും പെണ്ണും പെണ്ണും എന്നു കൂടി കണ്ടെത്താന്‍ സാധ്യത കുറവല്ല. മുട്ട് ന്യായങ്ങളും പറയാനെളുപ്പമാണ്. പരിഹാരം തേടുമ്പോള്‍ ധാര്‍മികതയിലാണ് ചെന്നു മുട്ടുക.
ഭരണഘടനാ ശില്‍പ്പികള്‍ മഹാന്മാര്‍ തന്നെ. അവരും മനുഷ്യരായിരുന്നു. ഏഴ് പതിറ്റാണ്ടിനിടെ നൂറിലധികം തവണ നമ്മുടെ ഭരണ ഭേദഗതികള്‍ക്ക് വിധേയമാക്കി. പിതൃത്വം, മാതൃത്വം, കുടുംബം ഇതൊക്കെ മഹത്തരങ്ങളാണ്. ഈ ഘടനാ രീതിയാണ് മാനവന്‍ മാത്രമല്ല മറ്റ് പല ജീവികളും സ്വീകരിച്ചു കാണുന്നത്. ഇതൊക്കെ അട്ടിമറിക്കപ്പെടാന്‍ ഇടയാവുന്ന കോടതി വിധി വരുമോ എന്നാണ് പലരേയും ആശങ്കപ്പെടുത്തുന്നതും.
സ്ത്രീ-പുരുഷ ലിംഗ സമത്വം എന്നൊരു വ്യാജ പ്രചാരണവും വ്യാപകമാണ്. ചിലതൊക്കെ പ്രകൃതിപരമാണ്. അവ അംഗീകരിച്ചേ മതിയാവൂ. ഞാനൊന്ന് പ്രസവിച്ചു ഇനി നിങ്ങളൊന്ന് പ്രസവിക്കൂ എന്ന് ആണിനോട് എങ്ങനെ പറയും? ലിംഗ നീതിയാണ് മൗലികമായത്. ലിംഗ സമത്വം ആപേക്ഷികവും ജൈവപരവുമാണ്. ഏതാവശ്യമായും കോടതി കയറാമെന്ന അവസ്ഥയ്ക്കും വേണം നിയന്ത്രണം. പ്രഥമദൃഷ്ട്യാ അസംബന്ധമായത് തള്ളിക്കളയാനാവണം. സ്വവര്‍ഗരതി, സ്വവര്‍ഗ വിവാഹം ഇതൊന്നും ഒരു ഘട്ടത്തിലും പരിഷ്‌കൃതമാണെന്ന് പറയാനാവില്ല.
ഹിന്ദു പാകിസ്താന്‍
രാജ്യസഭ കൂടി ഭൂരിപക്ഷം ഉറപ്പിച്ചാല്‍ ബി.ജെ.പി ഭരണത്തില്‍ ഭരണഘടന സുരക്ഷിതമാവില്ല. ഇപ്പോള്‍ തന്നെ 20 സംസ്ഥാനങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. ഫെഡറലിസം ബി.ജെ.പിക്ക് ചതുര്‍ഥിയാണ്.
2019-ല്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തിയാല്‍ പിന്നീടൊരു ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാനാവില്ല. 31 ശതമാനം മാത്രമാണ് അവരുടെ വോട്ട് ഓഹരി. 69 ശതമാനം മതേതര വോട്ടുകള്‍ ഒന്നിപ്പിക്കാനുള്ള ചാണക്യന്മാരാണ് ഇന്ത്യ അന്വേഷിക്കുന്ന കാലിക വെല്ലുവിളി.
ഭരണത്തുടര്‍ച്ച ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന ശശി തരൂരിന്റെ നിരീക്ഷണം വസ്തുതാപരമാണ്. ബി.ജെ.പി ഇതിനെ രൂക്ഷമായി എതിര്‍ത്തതും മറ്റൊന്നും കൊണ്ടല്ല. ഇപ്പോള്‍ കോടതികളില്‍ നിന്നു ലഭിക്കുന്ന നീതിയുടെ വാതിലടക്കാനാണ് ബി.ജെ.പി പ്രധാനമായും ശ്രമിക്കുക. ഇപ്പോള്‍ തന്നെ ആ രംഗത്ത് ഇടപെടാന്‍ പാര്‍ട്ടി പല ശ്രമങ്ങളും നടത്തിവന്നിട്ടുണ്ട്. അമിത്ഷാക്കെതിരില്‍ നാവനക്കരുതെന്ന് പറയിപ്പിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. പ്രാദശിക പാര്‍ട്ടികളുടെ ശക്തിയും ഇടവും പരിഗണിച്ച് പൊള്ളയായ പ്രത്യയശാസ്ത്ര നയനിലപാടുകളുടെ പുറംതോട് പൊട്ടിച്ച് മതേതരവാദികള്‍ ഒന്നിച്ചില്ലെങ്കില്‍ ഫാസിസം ഇന്ത്യക്ക് വെളിച്ചം നിഷേധിക്കുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."