HOME
DETAILS
MAL
നീരൊഴുക്ക് പ്രതീക്ഷിച്ചതിലും 55 ശതമാനം അധികം
backup
August 06 2020 | 03:08 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: രണ്ടുമാസമായി ശരാശരിയിലും താഴെ തുടര്‍ന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണനിലയിലേക്ക്. 29 ശതമാനത്തിലായിരുന്ന മഴക്കുറവ് 15 ശതമാനത്തിലേക്ക് താഴ്ന്നു. ഒന്‍പത് ജില്ലകളില്‍ മഴ സാധാരണനിലയിലെത്തിയപ്പോള്‍ അഞ്ചിടങ്ങളില്‍ മഴക്കുറവുണ്ട്. രണ്ടാഴ്ച കൊണ്ട് ഈ കുറവ് നികത്തുമെന്നാണ് കണക്കുകൂട്ടല്‍. ആലപ്പുഴ, ഇടുക്കി, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലാണ് മഴക്കുറവ് തുടരുന്നത്. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
കാലവര്‍ഷം കനത്തതോടെ ഓഗസ്റ്റ് ഒന്നുമുതല്‍ ഇന്നലെ രാവിലെ വരെയുള്ള നാലു ദിവസം വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിലും 55 ശതമാനം അധികമാണ്. ഇക്കാലയളവില്‍ 210.194 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടുകളിലേക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും 377.95 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ മാത്രം 162.9 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമെത്തി. സംഭരണശേഷിയുടെ 39 ശതമാനം വെള്ളം എല്ലാ അണക്കെട്ടുകളിലുമായുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 48 മണിക്കൂര്‍ കൊണ്ട് 6.36 അടി ഉയര്‍ന്നു. 2,343.92 അടിയാണ് ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 41 ശതമാനമാണ്. ബുധനാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ മാത്രം 3.62 അടിയാണ് ജലനിരപ്പുയര്‍ന്നത്. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 82.4 മി.മീ മഴ ഇന്നലെ രേഖപ്പെടുത്തി. 6.82 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 875.291 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ ഇന്നലത്തെ ഉല്‍പാദനം 1.522 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു. 2,190 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടില്‍ സംഭരിക്കാവുന്നത്. ഇത് സംസ്ഥാനത്തെ മൊത്തം സംഭരണശേഷിയുടെ പകുതിയിലധികമാണ്. ഇന്നലെ കൂടുതല്‍ മഴ ലഭിച്ചത് തര്യോട് പദ്ധതിയുടെ വൃഷ്ടിപ്രദേശത്താണ് (129.8 മി.മീ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."