മര്‍ദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം: ഒരാള്‍കൂടി പിടിയില്‍
അഞ്ചല്‍(കൊല്ലം): കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബംഗാള്‍ സ്വദേശി മണിക് റോയിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. അഞ്ചല്‍ തഴമേല്‍ മുംതാസ് മന്‍സിലില്‍ ആസിഫ് (32) ആണ് ഇന്നലെ പുലര്‍ച്ചെ അഞ്ചല്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
വിലയ്ക്ക് വാങ്ങിക്കൊണ്ടുപോയ കോഴി മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് പനയഞ്ചേരിയില്‍ വച്ച് നാട്ടുകാരായ ഒരു സംഘമാണ് ജൂണ്‍ 24ന് വൈകിട്ട് മണിക് റോയിയെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിനുശേഷം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി മടങ്ങിയ ഇയാള്‍ ഞായറാഴ്ച ജോലിസ്ഥലത്തു കുഴഞ്ഞുവീണു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. തലയ്ക്ക് നേരത്തേ ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ തിങ്കളാഴ്ച അറസ്റ്റിലായ പനയഞ്ചേരി ശിവശൈലത്തില്‍ ശശിധരക്കുറുപ്പ് (60) റിമാന്‍ഡിലാണ്. ഇന്നലെ കീഴടങ്ങിയ ആസിഫിനേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മണിക് റോയി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേരെ അറസ്റ്റു ചെയ്തതെന്നും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി .സതികുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."