ട്രഷറി തട്ടിപ്പ്: പണം തട്ടിയില്ല; തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്‌തെന്ന് ബിജുലാല്‍
തിരുവനന്തപുരം: ട്രഷറിയില്‍നിന്നു പണം തട്ടിയിട്ടില്ലെന്നും തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്തതാണെന്നും ട്രഷറി തട്ടിപ്പു കേസിലെ പ്രധാനിയായ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജുലാല്‍. അഭിഭാഷകന്റെ ഓഫിസില്‍ വച്ചാണ് ബിജുലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ച് മറ്റാരോ തട്ടിപ്പ് നടത്തിയതാകാമെന്നും ബിജുലാല്‍ അവകാശപ്പെട്ടു.
സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താന്‍. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ യൂസര്‍ ഐഡിയും പാസ് വേര്‍ഡും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലേ? അതിനുള്ള സാധ്യത പരിശോധിക്കണം. വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്ന് 60,000 രൂപ തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണ്. ആരാണ് തിരിച്ചടച്ചതെന്നും വ്യക്തമല്ല.
തനിക്കെതിരേ ആസൂത്രിത നീക്കമാണ് നടക്കുന്നത്. തനിക്ക് ഓണ്‍ലൈന്‍ റമ്മി കളിക്കമ്പമുണ്ട്. എണ്‍പതിനായിരം രൂപ വരെ ഒറ്റത്തവണ ലഭിച്ചിട്ടുണ്ട്. ചീട്ടുകളി കെണിയാണെന്ന് അറിഞ്ഞിട്ടും പിന്മാറാനായില്ല. ഭാര്യയുടേയും സഹോദരിയുടേയും അക്കൗണ്ടിലിട്ടത് ചീട്ട് കളിച്ച് ലഭിച്ച പണമാണെന്നും ബിജുലാല്‍ കൂട്ടിച്ചേര്‍ത്തു. ഒളിവിലായിരുന്ന ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം കഴിഞ്ഞ ദിവസം പൊലിസ് പരിശോധന നടത്തിയിരുന്നു. പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ അന്വേഷണ സംഘം ഏറെ വിമര്‍ശനത്തിന് വിധേയമാകുമ്പോഴാണ് നാടകീയമായി അഭിഭാഷകന്റെ ഓഫിസില്‍ നിന്നും ബിജുലാലിനെ പിടികൂടുന്നത്. ബിജുലാല്‍ കീഴടങ്ങാനെത്തിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ബിജുലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."