മത്സ്യബന്ധനത്തിനിടെ താനൂര്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം വൈപ്പിനില്‍ കണ്ടെത്തി
വൈപ്പിന്‍: മലപ്പുറം താനൂരില്‍ നിന്നും മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി വൈപ്പിന്‍ മാലിപ്പുറം ചാപ്പ കടല്‍ തീരത്തു നിന്നും ലഭിച്ചു.
തിരൂര്‍ ജാറക്കടവ് വീട് ഹുസൈനാരുടെ മകന്‍ സിദ്ദീഖി (23) ന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്. ഇന്നലെ രാവിലെ സ്ഥലവാസികളാണ് മൃതദേഹം കണ്ടത്. ഒരാഴ്ചയിലേറെ പഴക്കം തോന്നിയ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ഞാറക്കല്‍ പൊലിസ് എത്തി മറ്റ് പൊലിസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെടുകയും ആളെ തിരിച്ചറിയുകയുമായിരുന്നു. ഒരാഴ്ച മുന്‍പാണ് താനൂര്‍ കടപ്പുറത്ത് നിന്നും കാരാട്ട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജൗഹര്‍ വള്ളത്തില്‍ യുവാക്കള്‍ പൊന്നാനി ഹാര്‍ബറിലേക്ക് പോയത്.
ഇടയ്ക്ക് വച്ചു കാരിയര്‍ ഫൈബര്‍ വള്ളം മറിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സിദ്ദീഖിനൊപ്പം കടലില്‍ കാണാതായ താനൂര്‍ പാണ്ടാരന്‍ കടപ്പുറം സ്വദേശി നസ്‌റുദ്ദീനെ രക്ഷപ്പെടുത്തിയിരുന്നു. കടലില്‍ ആണ്ടു പോയ ചെറുതോണിയില്‍ നിന്നും ചാടി ഒരുമിച്ചാണ് തങ്ങള്‍ പുലിമൂട്ട് വരെ നീന്തിയതെന്നും തന്റെ കാലുകള്‍ തളരുന്നെന്നും നീ നീന്തിക്കൊ താന്‍ വന്നോളാമെന്നും സിദ്ദീഖ് അവസാനമായി പറഞ്ഞിരുന്നുവെന്നും നസ്‌റുദ്ദീന്‍ പറഞ്ഞിരുന്നു.
മന്ദലാംകുന്ന് ഭാഗത്തെ കടലില്‍ നീന്തി വരുന്നത് കണ്ട നാട്ടുകാരാണ് നസ്‌റുദ്ദീനെ കരക്കെത്തിച്ചത്.
എന്നാല്‍ സിദ്ദീഖിനെ കണ്ടെത്താന്‍ കടലില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."