തീരത്തടിഞ്ഞ ഡോക്ക് നീക്കുന്നതിന് പദ്ധതി തയാറാക്കാന്‍ നിര്‍ദേശം
ആലപ്പുഴ: അമ്പലപ്പുഴ കടപ്പുറത്ത് നിയന്ത്രണം തെറ്റിയെത്തിയ പടുകൂറ്റന്‍ വിദേശ ഡോക്ക് വലിച്ചുമാറ്റുന്നതിന് പദ്ധതി തയാറാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം. തീരത്തടിഞ്ഞ ഡോക്ക് നീക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായി തുറമുഖ ഓഫിസില്‍ അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു.
ഡോക്ക് വലിച്ചുമാറ്റുന്നതിന് പദ്ധതി തയാറാക്കി നല്കാന് ഉടമകളുടെ പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്കി. ഇത് പരിശോധിച്ച് തുറമുഖ ഓഫിസര്‍ അനുമതി നല്‍കും.തുറമുഖ വകുപ്പിന്റെ ഉപകരണങ്ങളോ ടഗുകളോ ആവശ്യമെങ്കില്‍ നല്‍കും.കൊല്ലം തുറമുഖത്തെ ടഗ് തയാറാക്കി നിര്‍ത്താന്‍ തുറമുഖ ഓഫിസര്‍ ആവശ്യപ്പെട്ടു.സ്ഥിതി വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 10 ന് ഡോക്കിന്റെ ഉടമസ്ഥരുടെ പ്രതിനിധികളുമായി യോഗം ചേരും.
അബുദാബിലേക്കുള്ള യാത്രാമധ്യേ ഇന്ധനവും ശുദ്ധജലവും നിറയ്ക്കുന്നതിന് അല്‍ഫത്താന്‍ രണ്ട് എന്ന ടഗും അതുപയോഗിച്ച് വലിച്ചിരുന്ന അല്‍ഫത്താന്‍ എന്ന ഡോക്കും കൊച്ചി തുറമുഖത്ത് പുറംകടലില്‍ എത്തിയിരുന്നു.
ജൂലൈ 15ന് ടഗിന് കൊല്ലം തുറമുഖത്തേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചു. കൊല്ലത്തേക്കുള്ള യാത്രയില്‍ ടഗും ഡോക്കും ബന്ധിപ്പിച്ചിരുന്ന വടം പൊട്ടുകയും ഡോക്ക് കാറ്റിലും ഒഴുക്കിലും പെട്ട് ആലപ്പുഴ കടല്‍ത്തീരത്ത് അടിയുകയായിരുന്നു. ഫ്ളോട്ടിങ് ഡോക്കില്‍ ഒരു ബാര്‍ജും, സ്പീഡ് ബോട്ടും ഉള്‍പ്പെടെയുള്ളവ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."