പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള യാത്ര വാര്‍ത്തയാകുമ്പോള്‍ വയനാടിന്റെ ദുരവസ്ഥ വ്യക്തമാക്കുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കല്‍പ്പറ്റ: ഇന്നലെ മുഴുവന്‍ ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറെ ശേദ്ധയോടെ നല്‍കിയ വാര്‍ത്തയാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 15 ദിവസം മാത്രമുള്ള പിഞ്ചുകുഞ്ഞിനെയും കൊണ്ട് ഒരു ആംബുലന്‍സ് ചീറിപ്പാഞ്ഞ് പോയത്. സര്‍ക്കാരിടപ്പെട്ട് പാതിവഴിയില്‍ അമൃത ആശുപത്രിയില്‍ കുട്ടി ചികിത്സ ഒരുക്കിയതോടെയാണ് കേരളത്തിന് ഇന്നലെ ആശ്വാസമായത്. അതേസമയം വയനാട്ടില്‍ ഇതോടനുബന്ധിച്ചുള്ള ഒരു പോസ്റ്റ് വാട്‌സാപ് ഗ്രൂപ്പുകളില്‍ വൈറലായിരിക്കുകയാണ്. മുഹമ്മദ് ഷരീഫ് വയനാട് എന്ന പേരിലാണ് വയനാടിന്റെ ആരോഗ്യമേലയിലെ ദുരനുഭവങ്ങള്‍ വിവരിച്ച് കൊണ്ടുള്ള കുറിപ്പ് ഇന്നലെ മുതല്‍ പ്രചരിച്ചത്. നിരവധി ഗ്രൂപ്പുകളിലൂടെയാണ് പോസ്റ്റ് അതിവേഗം ആളുകളിലേക്കെത്തിയത്. പോസ്റ്റ് ഇങ്ങിനെ
''ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ഏവരേയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുളള 'ട്രാഫിക് മോഡല്‍' രക്ഷാ പ്രവര്‍ത്തനവും യാത്രയുമൊക്കൊ ആണല്ലേ ഇന്നത്തെ സെന്‍സേഷണല്‍ വാര്‍ത്ത.(ആ കുഞ്ഞ് രക്ഷപ്പെടട്ടേ എന്ന് പ്രാര്‍ഥിക്കുന്നു). നിങ്ങള്‍ക്കറിയാമോ കേരളത്തിലെ തന്നെ പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ അത്യാധുനിക ചികിത്സാ സൗകൗര്യങ്ങളൊന്നും തന്നെ ഈ കാലഘട്ടത്തിലും എത്തിനോക്കാത്ത വയനാട് ജില്ലയിലെ ഒരു ദൗര്‍ഭാഗ്യവാനാണ് ഞാന്‍. ഇതുപറയാന്‍ കാരണം, നിങ്ങളിന്നു കണ്ടതുപോലെയുള്ള ബഹളങ്ങളോ സൗകര്യങ്ങളോ ഒന്നുമില്ലാതെ ദിനേ ചുരുങ്ങിയത് ഒരു പത്ത് ആംബുലന്‍സെങ്കിലും പാവപ്പെട്ട രോഗികളുടെ ജീവന്‍ രക്ഷിക്കാനായി ചുരമിറങ്ങാറുണ്ട്. ചുരത്തിലെ വാഹനങ്ങളുടെ ബാഹുല്യവും തിരക്കും ബദല്‍ പാതകളില്ലാത്തതും പലപ്പോഴും ഇത്തരം യാത്രകളെ ലക്ഷ്യത്തിലെത്തിക്കാറില്ലെന്ന് മാത്രമല്ല അത് കേവലം മെഡിക്കല്‍ കോളജില്‍ വെച്ചുള്ള ഒരു പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി മാത്രമായി തീരാറുമുണ്ടെന്നുള്ളതാണ് ദുഖ സത്യം. (ലക്ഷ്യമെത്താതെ കരിഞ്ഞ് പോകുന്ന സ്വപ്നങ്ങളുടെ കൃത്യമായ കണക്ക് എന്റെ കൈയിലില്ല. അങ്ങനെയുള്ള ഡാറ്റ വല്ലതും ആരുടേയെങ്കിലും കൈയിലുണ്ടെങ്കില്‍ ഇവിടെ പങ്കുവെക്കൂ). ഇന്നത്തെ വാര്‍ത്ത കണ്ടപ്പോള്‍ പലരും എയര്‍ ആംബുലന്‍സിന്റെ ആവശ്യകതയൊക്കെ വിശദീകരിക്കുന്ന പോസ്റ്റുകള്‍ കണ്ടു. ഞങ്ങള്‍ക്കങ്ങനെ വല്യ വല്യ മോഹങ്ങളൊന്നുമില്ല. ഒന്നുകില്‍ അത്യാവശ്യം സൗകര്യങ്ങളൊക്കെയുളള ഒരു ആശുപത്രി അല്ലെങ്കില്‍ അങ്ങനെയുള്ള ആശുപത്രിയിലേക്ക് പോകാനായിട്ടൊരു ബദല്‍പാതയെങ്കിലും അനുവദിച്ചു തന്നിരുന്നേല്‍. ഇതൊരു വയനാട്ടുകാരന്റെ നൊമ്പരമായിട്ട് കണ്ടാല്‍ മതി'' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതില്‍ വയനാടെന്ന ജില്ലയുടെ ആരോഗ്യമേഖലയിലെ ഇല്ലായ്മകളുടെ എല്ലാം അടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."