മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം വഴിമുട്ടുന്നു
കൊണ്ടോട്ടി: നഗരസഭാപരിധിയില്‍ സ്ഥലം ലഭ്യമാകാത്തതിനെ തുടര്‍ന്ന് കൊണ്ടോട്ടി മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം വഴിമുട്ടുന്നു. മൂന്നുവര്‍ഷം മുമ്പ് മുന്‍ എം.എല്‍ എ കെ.മുഹമ്മദുണ്ണിഹാജിയുടെ ശ്രമഫലമായാണ് കൊണ്ടോട്ടിയില്‍ മിനി സിവില്‍ സ്‌റ്റേഷനും അനുമതി ലഭിച്ചത്. കെട്ടിട നിര്‍മാണത്തിന് മൂന്ന് കോടി രൂപയും അനവദിച്ചിരുന്നു. പിന്നീട് നിലവിലെ എം.എല്‍.എ ടി.വി ഇബ്രാഹീമിന്റെ നേതൃത്വത്തിലും ഇതിനുളള ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും നഗരത്തോട് ചേര്‍ന്ന് അനിയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടം നിര്‍മിക്കാനായിട്ടില്ല.
കൊണ്ടോട്ടി നഗരസഭ കാര്യാലയത്തിന്റെ സമീപത്തുളള സ്ഥലമാണ് ഇതിനായി ആദ്യം കണ്ടെത്തിയത്.സര്‍ക്കാര്‍ അധീനതയിലുളള സ്ഥലം വയല്‍ ആയതിനാല്‍ കെട്ടിടത്തിനുളള അനുമതി ലഭിച്ചില്ല.പിന്നീട് ടൗണിന് സമീപത്തെ മേലങ്ങാടി റോഡരികിലെ മല്‍സ്യമാര്‍ക്കറ്റിന്റെ സ്ഥലം പ്രയോജനപ്പെടുത്താനും ശ്രമം നടന്നെങ്കിലും ഇതും നടപ്പിലായില്ല. മത്സ്യ മാര്‍ക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റി സിവില്‍ സ്റ്റേഷന്‍ പണിയാനായിരുന്നു ആലോചന നടന്നിരുന്നത്. മത്സ്യ മാര്‍ക്കറ്റ് മാറ്റാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഈ പദ്ധതിയും ഫലവത്തായില്ല.
കൊണ്ടോട്ടി താലൂക്കിന് കീഴില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഒരിടത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ച് മിനി സിവില്‍ സ്‌റ്റേഷന് അനുമതി നല്‍കിയത്.ഇത് വിവിധ സ്ഥലങ്ങളിലുളള ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസവുമാവും. നിലവില്‍ നഗരസഭയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചു വേണം കുറപ്പത്തുളള താലൂക്ക് ഓഫിസിലെത്താന്‍. ടൗണ്‍ ചുറ്റിക്കറങ്ങി മറ്റു ഓഫിസുകളിലുമെത്തി കാര്യങ്ങള്‍ സാധ്യമാക്കേണ്ട അവസ്ഥയാണ്.
അര ഏക്കര്‍ ഭൂമിയെങ്കിലും കെട്ടിടം നിര്‍മിക്കാനായി വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.സ്ഥലം ലഭ്യമായാല്‍ നിര്‍മാണത്തിനുളള തുക വകയിരുത്താനാകുമെന്ന് എം.എല്‍.എയും പറയുന്നു. നഗരസഭ ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്തിയിരുന്നെങ്കിലും ഫലവത്തായിട്ടില്ല. തരിശായി കിടക്കുന്ന സര്‍ക്കാര്‍ അധീനതിയിലുളള ഭൂമിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."