കൊടും വേനലിലും നിറഞ്ഞ് തുളുമ്പി കുണ്ടള അണക്കെട്ട്
ബാസിത് ഹസന്‍
തൊടുപുഴ: കൊടും വേനലില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുമ്പോള്‍ കുണ്ടള അണക്കെട്ട് നിറഞ്ഞു തുളുമ്പുന്നു. 1758.69 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിലെ ഇന്നലത്തെ ജനനിരപ്പ് 1758.65 മീറ്ററാണ്. സംഭരണശേഷിയുടെ 98 ശതമാനമാണിത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കുണ്ടള ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 8 ന് തുറന്ന് അഞ്ച് ക്യുമെക്‌സ് വെള്ളം ഒഴുക്കുമെന്നും നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് നടപടി. സുരക്ഷയുടെ ഭാഗമായി അണക്കെട്ടിലെ ബോട്ടിങ് വൈദ്യുതി ബോര്‍ഡ് നിര്‍ത്തിവെച്ചു. ഇത് വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയായി.
സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലിന്റെ കരുതല്‍ സംഭരണിയാണ് കുണ്ടള സേതുപാര്‍വതീപുരം അണക്കെട്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം തമിഴ്‌നാട് വനമേഖലയുടെ ഭാഗമാണ്്. മൂന്നാറില്‍ എത്തുന്ന വിദേശ-സ്വദേശ വിനോദസഞ്ചാരികളുടെ ഇഷ്ട സങ്കേതമാണ് കുണ്ടള അണക്കെട്ട്. ഈ മേഖലയിലെ കാലാവസ്ഥ സ്വിറ്റ്‌സര്‍ലന്റിന് സമാനമാണെന്ന് വിദേശസഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. വന്യസൗന്ദര്യം മുറ്റിനില്‍ക്കുന്ന ശാന്തസുന്ദരമായ അണക്കെട്ടിലെ ബോട്ടിങ് ഏറെ ഹൃദ്യമാണ്.
ബോട്ടിങ് ആസ്വദിക്കാനാണ് മൂന്നാറില്‍ നിന്ന് വിനോദസഞ്ചാരികള്‍ 30 കലോമീറ്ററോളം യാത്രചെയ്ത് കുണ്ടളയിലെത്തുന്നത്. കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, മാന്‍ തുടങ്ങിയ വന്യമൃഗങ്ങളെ അടുത്ത് കാണാനും കഴിയും. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഹൈഡല്‍ ടൂറിസം വിഭാഗമാണ് ഇവിടുത്തെ ബോട്ടിങ് നിയന്ത്രിക്കുന്നത്.
1946 ല്‍ നിര്‍മിച്ചതാണ് പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ കരുതല്‍ സംഭരണിയായ കുണ്ടള അണക്കെട്ട്. മണ്ണുകൊണ്ട് നിര്‍മ്മിച്ച ആര്‍ച്ച് ഡാമാണിത്. 160 ഏക്കര്‍ ചുറ്റളവില്‍ 60 അടി ഉയരത്തില്‍ വെള്ളം സംഭരിക്കാവുന്ന ഈ അണക്കെട്ട് ചുറ്റുമുള്ള മലനിരകളിലെ ഉറവകളാല്‍ സമ്പുഷ്ടമാണ്. തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴയിലാണ് കുണ്ടള അണക്കെട്ട് സമൃദ്ധമാകുന്നത്. ഒരു പുഴയുടെയും കുറുകെയല്ല കുണ്ടള അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത.
കുണ്ടളയില്‍ നിന്നും പ്രത്യേക ടണല്‍ വഴിയാണ് മൂന്ന് കിലോമീറ്റര്‍ താഴെയുള്ള മാട്ടുപ്പെട്ടി അണക്കെട്ടില്‍ വെള്ളമെത്തിക്കുന്നത്. ഇവിടെ രണ്ട് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന വെള്ളം മാട്ടുപ്പെട്ടി പുഴ വഴി മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്‌സ് ഡാമിലെത്തും.
അവിടെ നിന്ന് പെന്‍സ്‌റ്റോക്ക് പൈപ്പുകള്‍ വഴി പള്ളിവാസല്‍ പവര്‍ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 1940 മാര്‍ച്ച് 19 നാണ് പള്ളിവാസല്‍ പദ്ധതി കമ്മിഷന്‍ ചയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."