ഇ-പോസ് മെഷിനുകള്‍ ഉപയോഗിച്ച് റേഷന്‍ തട്ടിപ്പ്
തിരുവനന്തപുരം: റേഷന്‍ കടകളിലെ തട്ടിപ്പ് തടയാന്‍ ഇ-പോസ് മെഷിനുകള്‍ സ്ഥാപിച്ചിട്ടും കഴിയുന്നില്ല. തട്ടിപ്പിനെ തുടര്‍ന്ന് 49 കടകള്‍ സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പിടികൂടി. ഇവരുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു. മെഷിനില്‍ കൃത്രിമം കാണിച്ച് ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവിറ്റതിനാണ് പിടി വീണത്. ഇ-പോസ് ആദ്യം സ്ഥാപിച്ച കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ക്ക് പിടിവീണത്. 12 എണ്ണമാണ് ഇവിടെ പിടിയിലായത്. തൃശൂരില്‍ എട്ടും പാലക്കാട് ആറും കടകള്‍ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളത്തും മലപ്പുറത്തും നാല് വീതം കടകളില്‍ തട്ടിപ്പ് കണ്ടെത്തി.
കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ മൂന്നു വീതവും ഇടുക്കിയില്‍ രണ്ടും, തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓരോ കടയും തട്ടിപ്പിന് പിടിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ വിവിധ ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 30ഓളം കടകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ നിഷേധിക്കാതിരിക്കാന്‍ ആരുടെ വിരല്‍ പതിപ്പിച്ചാലും റേഷന്‍ കിട്ടുന്ന തരത്തിലാണ് ആദ്യഘട്ടത്തില്‍ ഇ- പോസ് മെഷിന്‍ സജ്ജീകരിച്ചിരുന്നത്.
ഇത് മറയാക്കി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കാത്തവരുടെ വിഹിതം സ്വയം രേഖപ്പെടുത്തിയും ഇ- പോസ് മെഷിന്‍ രേഖപ്പെടുത്താതെ പഴയതുപോലെ കാര്‍ഡില്‍ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
ബില്ലിലെ അളവിന് അനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാതിരിക്കുക, ബില്ല് നല്‍കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളും അന്വേഷണ സംഘം കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലന്‍സ് വിഭാഗത്തിന്റ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."