കേരള പൊതുവിദ്യാഭ്യാസം: പൂച്ചക്കാര് മണികെട്ടും
നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ബാധിച്ച ഗുരുതരരോഗത്തിന് ഒറ്റമൂലി ചികിത്സകളുമായി അധികൃതരും വിദ്യാഭ്യാസ മേഖലയെ കൈയടക്കിവച്ച സ്ഥിരം പണ്ഡിത മഹര്‍ഷികളും കാലം കഴിക്കുമ്പോള്‍ കേരളത്തിലെ കുട്ടികളുടെ ഭാവിയെക്കുറിച്ച് വേവലാതിപ്പെടാനും അതിനായി നിരന്തരമുള്ള ഇടപെടലുകള്‍ നടത്തുവാനും ഈ രംഗത്ത് ആരും തന്നെ മുന്നോട്ടുവരുന്നില്ല എന്ന ദുഃഖകരമായ പശ്ചാത്തലമാണ് ഇന്നുള്ളത്. വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിനു പുറത്താണ്. അതായത് ഉത്തരവാദപ്പെട്ടവര്‍ ഇത്തരം ചര്‍ച്ചകളോ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന പരിഹാരങ്ങ ളിലോ ഇടപെടുന്നില്ല എന്നര്‍ഥം. അവരൊക്കെയും പൊതുവിദ്യാഭ്യാസം എന്ന ചില്ലുമാളികയിലിരുന്ന് കൂട്ടലും കിഴിക്കലുമായി അന്‍പത്തിയാറു തികയ്ക്കുന്നു. ഫലമോ ഇനി ഒരിക്കലും കരകയറാന്‍ കഴിയാത്ത നിലയിലേക്കു കേരള വിദ്യാഭ്യാസരംഗം മാറ്റപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ മാറിയിരിക്കുന്നു.
ഖോരക്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 2014 ഓഗസ്റ്റില്‍ പുറത്തുവിട്ട വിദ്യാഭ്യാസ നിലവാര റിപ്പോര്‍ട്ടില്‍ ദേശീയ ശരാശരിയില്‍ കേരളത്തിന്റെ സ്ഥാനം അറിയുമ്പോഴാണു കേരളം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് കണ്ണീര്‍ പൊഴിക്കേണ്ടി വരിക. ആന്ധ്രയുടെയും ബിഹാറിന്റെയും ഡല്‍ഹിയുടെയും പിറകിലായി അതായത് പതിനൊന്നാം സ്ഥാനത്തേക്കു കേരളം തള്ളപ്പെട്ടിരിക്കുന്നു. അഖിലേന്ത്യാ നിലവാരത്തില്‍ നമ്മുടെ കുട്ടികള്‍ ഏറെ പിന്നിലായിരിക്കുന്നു എന്നതു പച്ചയായ സത്യമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആന്ധ്രപ്രദേശ് വിദ്യാഭ്യാസ ബോര്‍ഡിലെ കുട്ടികള്‍ 17.30 ശതമാനമെങ്കില്‍ ഡല്‍ഹിക്കത് 9.10 ശതമാനമാണ്.
കേരളത്തിനോ 1.5 ശതമാനം മാത്രം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ മുമ്പന്‍ എന്നു പറഞ്ഞുനടന്നിരുന്ന നമ്മളിപ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ പിറകോട്ടുപോയിരിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ തലമുറകളായി കേരളത്തിനു ലഭിച്ചുകൊണ്ടിരുന്ന നേട്ടം പാടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2016 വരെ വളരെ ദയനീയമായ സാഹചര്യമായിരുന്നു. 2012 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഇത് ഏറെ വ്യക്തമാകും.
2012ല്‍ 1.7 %, 2013ല്‍ 1.5 %, 2014ല്‍ 0.42 %. തുടര്‍ന്നു 2016 വരെ ദയനീയമായ സാഹചര്യമായിരുന്നു. ഓള്‍ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരള വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നു പത്തു കുട്ടികള്‍ക്കു പോലും പ്രവേശനം ലഭിക്കാറില്ല. പ്രീഡിഗ്രിയുടെ കാലഘട്ടത്തില്‍ നിന്നു മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായാണു ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നിലവില്‍ വന്നത്.
22 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ നിലവാരത്തിന്റെ ഗതി പരിശോധിക്കുന്നത് ഉചിതമായിരിക്കും. 2013ലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കേവലം പരീക്ഷാഹാളില്‍ കയറിയാല്‍ മാത്രം മതി 60 ശതമാനം മാര്‍ക്ക് കുട്ടികള്‍ക്കു സൗജന്യമായി നല്‍കിയ രീതി ആരെയും നാണിപ്പിക്കുന്നതാണ്. കേരളത്തിലെ പാവങ്ങളുടെ മക്കളാണ് ഇതിലെ ഏറെയും ബലികൊടുക്കപ്പെടുന്നത്. മക്കളുടെ നല്ലഭാവി കിനാവ് കണ്ടുകഴിയുന്ന കുടുംബം ഒന്നാകെ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുന്ന ഘട്ടത്തില്‍ എത്തപ്പെട്ടിരിക്കുന്നു. 60 മാര്‍ക്കുള്ള തിയറി പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടത് 18 മാര്‍ക്ക്. 20 മാര്‍ക്ക് യാതൊരു ന്യായീകരണവുമില്ലാതെ ദാനം നല്‍കുന്നു. അതിനൊരു വിശദീകരണവും(Giv-e full credit).
ഇതിലും പരിതാപകരമാണു ചോദ്യപേപ്പര്‍ തയാറാക്കുന്ന വിദഗ്ധര്‍ തമ്മിലുള്ള തൊഴുത്തില്‍ കുത്ത്. കോളജ് അധ്യാപകര്‍ ചോദ്യവും ഉത്തരവും തയാറാക്കുന്നു. എന്‍.സി.ഇ.ആര്‍.ടി വിദഗ്ധര്‍ പരിശോധിക്കുന്നു. പിന്നീടു പരീക്ഷ നടത്തുന്നു. ഇവരുടെ പിഴവ് കണ്ടുപിടിക്കുന്നതോ അടുത്തകാലത്തായി സര്‍വിസില്‍ കയറിയ അധ്യാപകര്‍. 2006 മുതല്‍ നടപ്പാക്കിത്തുടങ്ങിയ നിരന്തര മൂല്യനിര്‍ണയവും ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള ശ്രമവും ഫലത്തില്‍ വിദ്യാര്‍ഥികളെ പഠനാഭിരുചിയില്‍ നിന്നകറ്റി. പ്രോജക്ട് വര്‍ക്ക്, എക്‌സ്പിരിമെന്റ്, റിസര്‍ച്ച്, സയന്റിഫിക് ടെമ്പര്‍മെന്റ്, സെല്‍ഫ് ലേര്‍ണിങ്, ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയവയ്ക്ക് എ പ്ലസ് നേടുമ്പോള്‍ തിയറിയില്‍ 10 ശതമാനത്തില്‍ താഴെ മാര്‍ക്ക്. മുന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറയുകയുണ്ടായി സ്‌പെയര്‍ പാര്‍ട്‌സുകള്‍ മാറ്റിയിട്ടും മികച്ച ഡ്രൈവര്‍മാര്‍ വന്നിട്ടും ശരിയായ ദിശയില്‍ ചലിക്കാത്ത വാഹനം പോലെയാണു കേരളത്തിലെ പൊതുവിദ്യാഭ്യാസം. അദ്ദേഹത്തെ ആ സ്ഥാനത്ത് നമ്മളാരും അധികനാള്‍ കണ്ടില്ല.
കഴിഞ്ഞ കാലങ്ങളില്‍ കുട്ടികള്‍ പഠിക്കാനെത്തിയിരുന്നതു നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു. അവസാനവര്‍ഷ പരീക്ഷകള്‍ക്കു മുന്‍പ് തന്നെ കാംപസ് സെലക്ഷനിലൂടെ വിവിധ മള്‍ട്ടി നാഷനല്‍ കമ്പനികളില്‍ ഉയര്‍ന്ന ജോലി കിട്ടുമായിരുന്നു. ഏറെ അഭിമാനത്തോടെ നാടാകെ കുട്ടികളെ സ്വീകരിച്ചിരുന്നു. ഇന്നു സ്ഥിതി മാറി. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെറ്റുപെരുകി അതില്‍ കൂടുതലും ചാപിള്ളകളായിത്തീരുന്നു. അത്യാവശ്യ യോഗ്യത പോലുമില്ലാത്ത അധ്യാപ കര്‍ പെട്ടിക്കടകള്‍ പോലെ ഗ്രാമങ്ങളില്‍ പോലും എന്‍ജിനീയറിങ് കോളജുകളും ദന്തല്‍ കോളജുകളും മെഡിക്കല്‍കോളജുകളും.
ഇരുപതില്‍ താഴെയായി അവിടങ്ങളിലെ വിജയ ശതമാനം. അത്തരം കോളജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിടുക പോലുമുണ്ടായി. കുട്ടികള്‍ കൂട്ടമായി തോറ്റു. കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെയായി. ബാങ്കുകളില്‍ നിന്നു ജപ്തി നോട്ടിസുകള്‍ വന്നുകൊണ്ടേയിരുന്നു. നാണക്കേടുകള്‍ ഒരുപരിധി വരെ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരിധിവിട്ട് കൊലക്കയര്‍ കഴുത്തില്‍ മുറുകി. നിരാശരായ ചെറുപ്പക്കാര്‍ ആശ്രയമറ്റവരായി നാടാകെ അലയുന്ന കാഴ്ച കാണാന്‍ സര്‍ക്കാരിനു വലിയൊരു പഠനമൊന്നും നടത്തേണ്ടിവന്നില്ല.
നമ്മുടെ കോളജുകളിലെ പ്രീ ഡിഗ്രി ക്ലാസുകള്‍ നിര്‍ത്തലാക്കി. ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായി. അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ലാതെ ഇത്തരം സ്‌കൂളുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപന പരിചയമുള്ളവരെയല്ല നിയമിച്ചത്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ കുട്ടികളുടെ പഠന ശേഷി മനസിലാക്കാതെ ഹയര്‍സെക്കന്‍ഡറിയില്‍ നടപ്പാക്കി. ഒരിക്കലും ഇതുമായി പൊരുത്തപ്പെടാന്‍ നമ്മുടെ കുട്ടികള്‍ക്കു കഴിയുമായിരുന്നില്ല. ഇതു സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. അവിടെയാണു പണ്ഡിത ശ്രേഷ്ഠന്മാര്‍ നിരന്തര മൂല്യനിര്‍ണയമെന്ന മായാജാല ത്തിലൂടെ കുട്ടികളെയെല്ലാം പാസാക്കിയത്. സര്‍ക്കാര്‍ തലമുറകളെത്തന്നെ ക്രൂരമായി വഞ്ചിച്ചു. ഈ പ്രതിസന്ധി മറികടക്കാനായി നിരന്തരം മൂല്യനിര്‍ണയം നടത്തിയാണ് 'ശ്രേഷ്ഠഭുജികള്‍' പരിഹാരം കണ്ടെത്തിയത്. 40 മാര്‍ക്കാണു സൗജന്യമായി നല്‍കിയത്. നാലര ലക്ഷത്തോളം വരുന്ന കേരളത്തിലെ ഈ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിള്‍ക്ക് ഈ അപസര്‍പ്പ വിദ്യയിലൂടെ 38 മുതല്‍ 40 മാര്‍ക്ക് വരെ സൗജന്യമായി നല്‍കി. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ 41നു മുകളില്‍ മാര്‍ക്കിടാനായി മാത്രമാണ് ഉത്തരക്കടലാസുകള്‍ നോക്കിയിരുന്നത്.
പഠിപ്പിക്കാന്‍ പ്രയാസമുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ പാഠഭാഗങ്ങളും അതില്‍ നിന്നുള്ള ചോദ്യങ്ങളും ബോധപൂര്‍വം ഒഴിവാക്കി. ഉത്തരക്കടലാസുകളില്‍ ഒന്നും എഴുതാതെ ചോദ്യപേപ്പര്‍ തയാറാക്കിയവരെയും അച്ചടിച്ച പ്രസ്സിനെയും കുറ്റപ്പെടുത്തി 60 ശതമാ നത്തോളം മാര്‍ക്ക് കുട്ടികള്‍ക്കു ദാനമായി നല്‍കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകമാകെ പറയുമ്പോഴും കേരളം പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കഴുത്തിന് കത്തിവച്ച് തകര്‍ത്തു കൊണ്ടേയിരിക്കുന്നു. കുട്ടികളിലെ പഠിക്കുവാനുള്ള ത്വര ഘട്ടംഘട്ടമായി ഇല്ലാതെയായി. പഠിക്കാതെ വിജയിക്കുമെങ്കില്‍ പിന്നെന്തിന് ഉറക്കമൊഴിക്കണം എന്ന ചിന്തയായി. എന്‍ജിനീയറിങ് പഠനം പോലും നിസാരവല്‍ക്കരിക്കപ്പെട്ടു. ശാസ്ത്ര സാങ്കേതിക മേഖലകളിലെ സ്ഥാപനങ്ങളില്‍ ഇരുപതില്‍ താഴെയായി വിജയശതമാനം. അഖിലേന്ത്യാ തലത്തിലുള്ള എല്ലാ പരീക്ഷകളിലും നമ്മുടെ കുട്ടികള്‍ പിന്നോക്കം പോയി. മേല്‍ സൂചിപ്പിച്ച 2014ലെ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് ഇതിന്റെ തെളിവാണ്.
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ചതായിരുന്നു ഇന്നലെ വരെ കേരള ത്തിലെ വിദ്യാഭ്യാസം. മറ്റുള്ളവരെ നോക്കി അഹങ്കരിച്ചിരുന്നു മലയാളികള്‍. ഇന്ന് ഈ സ്ഥിതി മാറി. വെറും മാറ്റമല്ല. കേരളം വളരെയേറെ പിന്നിലേക്കു തള്ളപ്പെട്ടു. ആന്ധ്രപ്രദേശ് വിദ്യാഭ്യാസ ബോര്‍ഡിലെ പരീക്ഷാഫലം പരിശോധിച്ചാല്‍ ഇതു പകല്‍പോലെ വ്യക്തമാണ്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ആന്ധ്രയാണ് (55.08 %). കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിജയശതമാനം നോക്കിയാല്‍ ആന്ധ്രപ്രദേശ് വിദ്യാഭ്യാസ ബോര്‍ഡ് ബഹുദൂരം മുന്നിലാണ്. തമിഴ്‌നാട് 1.90 %, കര്‍ണാടക 1.80 %, കേരളം 1.70 % ഇതാണു ദേശീയ ശരാശരി.
2000ത്തില്‍ 86.18 ശതമാനമായിരുന്നു പത്താംക്ലാസ് പരീക്ഷാ വിജയമെങ്കില്‍ 2016ല്‍ അതു 97.17 ശതമാനമായി ഉയര്‍ന്നതു കുട്ടികളുടെ ഉയര്‍ന്ന പഠനനിലവാരമുള്ളതുകൊണ്ടോ അധ്യാപകരുടെ അധ്യാപന വൈഭവം കൊണ്ടോ അല്ല. മറിച്ച് നിരന്തര മൂല്യനിര്‍ണയമെന്ന ചെപ്പടി വിദ്യയിലൂടെ കുട്ടികളെ തള്ളിക്കയറ്റുന്നു. അല്ലെങ്കില്‍ തല്ലിക്കൊല്ലുന്നു. ലോകത്ത് എവിടെയാണ് ഇത്രയും വിജയശതമാനം കാണാന്‍ കഴിയുക ചോദ്യക്കടലാസില്‍ ഒരക്ഷരം പോലും എഴുതാത്ത കുട്ടിക്കു വിജയ മാര്‍ക്ക് നല്‍കുന്നത് തീര്‍ച്ചയായും ആ കുട്ടിയെ ചതിക്കുക തന്നെയാണ്.
(കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."