മാനവ ഐക്യത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു ശിഹാബ് തങ്ങൾ: മലപ്പുറം ജില്ലാ കെഎംസിസി
റിയാദ്: മാനവ ഐക്യത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ എല്ലാ തരം ഭിന്നിപ്പുകളെയും ഇല്ലാതാക്കാൻ അഹോരാത്രം അദ്ദേഹം പരിശ്രമിച്ചു. മത സഹോദര്യവും മതേതരത്വവും ഭീഷണി നേരിട്ട എല്ലാ ഇടങ്ങളിലും അവ സംരക്ഷിക്കാൻ പോരാട്ടം നടത്തിയ ശിഹാബ് തങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. വർത്തമാന കാലത്ത് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ശിഹാബ് തങ്ങളുടെ ജീവിതവും ദർശനങ്ങളും വലിയ പ്രതിവിധിയാണ്. വ്യത്യസ്തകൾ നിറഞ്ഞ ഭാരതത്തിന്റെ മണ്ണിൽ സ്വത്വം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് സ്വജീവിതം കൊണ്ട് ശിഹാബ് തങ്ങൾ കാണിച്ച് തന്നിട്ടുണ്ട്.
അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടുകയും വരുന്ന തലമുറയിലേക്ക് അവ പകർന്ന് നല്കേണ്ടതുമാണെന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ അനുസ്മരണ സദസ്സ് ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയതിൽ സഊദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. സത്താർ താമരത് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയറ്റ് അംഗം ഷുഹൈബ് പാനങ്ങാങ്ങര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ്, ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ഷാഫി കരുവാരക്കുണ്ട് എന്നിവർ പ്രസംഗിച്ചു.
അഡ്വ.അനീർ ബാബു,ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൌക്കത്ത് കടമ്പോട്ട്, ഭാരവാഹികളായ യൂനുസ് കൈതകോടൻ, ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, അഷ്‌റഫ് മോയൻ, സിദീഖ് കോണാരി, ഹമീദ് ക്ലാരി, ഇക്ബാൽ തിരൂർ എന്നിവർ സംബന്ധിച്ചു. അഷ്‌റഫ് കോട്ടക്കൽ ഖിറാഅത്ത് നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സ്വാഗതവും സെക്രട്ടറി ലത്തീഫ് താനാളൂർ നന്ദിയുംനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."