കലയും കൃഷിയുമായി ബാലകൃഷ്ണന്‍ പണിക്കര്‍: വീട്ടുമുറ്റത്തെ ഒരു സെന്ററില്‍ 'മത്സ്യവിപ്ലവം'
ചെറുവത്തൂര്‍: പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴും മനസ് നിറയെ കലയും കൃഷിയുമൊക്കെയുണ്ടായിരുന്നു. വിരമിച്ചു നാട്ടിലെത്തിയപ്പോള്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് കാടങ്കോട്ടെ കടവത്ത് ബാലകൃഷ്ണന്‍ പണിക്കര്‍ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പൂരക്കളിയും കൃഷിയുമായി ഇദ്ദേഹം വിജയത്തിന്റെ പടവുകള്‍ ചവിട്ടി കയറി. ബാലകൃഷ്ണന്‍ പണിക്കരുടെ വീട്ടുമുറ്റത്തെ കുളത്തിലിപ്പോള്‍ മത്സ്യത്തിന്റെ വിളവെടുപ്പ് കാലമാണ്. വിദേശ രാജ്യങ്ങളില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് ശേഷം വിജയം കൈവരിച്ച അക്വാപോണിക്‌സ് കൃഷിരീതിയാണ് പ്രാവര്‍ത്തികമാക്കിയത്. കരിമീനിന് തുല്യമായ ഗിഫ്റ്റ് തിലോപ്പിയ എന്ന മീനാണ് കുളം നിറയെ. ഫിഷറീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി.
ഒരു സെന്റ് ഭൂമിയിലാണ് മീന്‍ വളര്‍ത്തുന്നതിനായി കുളം ഒരുക്കിയിരിക്കുന്നത്. മൂന്നു സെന്ററില്‍ പച്ചക്കറികളും വളരുന്നു. പച്ചക്കറിക്ക് മണ്ണിനു പകരം മെറ്റലാണ് ഉപയോഗിക്കുന്നത്. വെണ്ട, പയര്‍, ചീര, ചോളം എന്നിവയെല്ലാം വിളയുന്നു. കുളത്തില്‍ അടിയുന്ന മത്സ്യ വിസര്‍ജ്യം മോട്ടോറും പൈപ്പുകളും ഉപയോഗിച്ച് ദ്രാവകരൂപത്തില്‍ പച്ചക്കറി തൈകള്‍ക്കരികത്തേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. രണ്ടായിരം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇത്തവണ നിക്ഷേപിച്ചത്. ഒരു മീനിന് ഇപ്പോള്‍ 400 ഗ്രാം വരെ തൂക്കമുണ്ട്. ആവശ്യക്കാര്‍ക്ക് കിലോയ്ക്ക് 200 രൂപ നിരക്കില്‍ വീട്ടില്‍ നിന്നുതന്നെ വിതരണം ചെയ്യുന്നു.
പൂരക്കളിയില്‍ ശ്രദ്ധേയനായ ബാലകൃഷ്ണന്‍ പണിക്കാരെ തേടി കേരള ഫോക് ലോര്‍ അക്കാദമിയുടെ ഗുരുപൂജപുരസ്‌കാരവും എത്തിയിട്ടുണ്ട്. ഗിഫ്റ്റ് തിലോപ്പിയ വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കുളത്തില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് തീരുമാനം. ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ക്കും വിഷം തളിച്ചെത്തുന്ന പച്ചക്കറികള്‍ക്കുമിടയില്‍ ഈ ആശങ്കകളില്ലാതെ വിശ്വസിച്ചു കഴിക്കാമെന്നതാണ് അക്വാപോണിക്‌സ് കൃഷിയുടെ മേന്മയായി ബാലകൃഷ്ണന്‍ പണിക്കര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."