തച്ചണ്ണ എല്‍.പി സ്കൂളിന്റെ പ്രവര്‍ത്തനം വേണ്ടത്ര ക്ലാസ്മുറികളില്ലാതെ
അരീക്കോട്: തച്ചണ്ണ എല്‍.പി സ്കൂളില്‍ ക്ലാസ്മുറികളുടെ ഇല്ലായ്മ വിദ്യാര്‍ഥികള്‍ക്ക് ദുരിതപാഠമാകുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍പെടുന്ന 1957ല്‍ പ്രദേശത്തെ മദ്റസയില്‍ തുടക്കം കുറിച്ച ഈ വിദ്യാലയത്തിനു എല്ലാ വിധ സൗകര്യങ്ങളും നേടാനായെങ്കിലും ക്ലാസ്റൂമുകള്‍ മാത്രം ലഭ്യമായില്ല. ഒന്ന് മുതല്‍ നാലു വരെ ക്ലാസുകളിലായി 290ഉം പ്രീപ്രൈമറി വിഭാഗത്തില്‍ 150ഉം അടക്കം അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്. എന്നാല്‍ ഇത്രത്തോളം വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ക്ലാസ്മുറികള് ഇല്ലാത്തത് വിദ്യാര്‍ഥികളേയും അധ്യാപകരേയും ഒരുപോലെ കുഴക്കുകയാണ്. 51 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലെ രണ്ട് ക്ലാസ് മുറികള്‍ക്ക് അനുമതി ലഭിക്കൂവെന്ന നിയമം ഭേദഗതി വരുത്തി 31ലേക്ക് എത്തിയെങ്കിലും ക്ലാസ് മുറികള്‍ നേടാന്‍ ഈ വിദ്യാലയത്തിനു ഇനിയും സാധിച്ചിട്ടില്ല.
എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും ഫണ്ടുകള്‍ വിനിയോഗിച്ച് ക്ലാസ് മുറികളും വരാന്തയും ടൈല്‍ പാകലും സീലിംഗ് ചെയ്യലും നടന്നിരുന്നു. ക്ലാസ് റൂം ആവശ്യമുന്നയിച്ച് പി.കെ ബഷീര്‍ എംഎല്‍എക്ക് നിവേദനം നല്‍കുമെന്ന് എച്ച്.എം ഖദീജ പത്തനാപുരം സുപ്രഭാതത്തോട് പറഞ്ഞു. ക്ലാസ് നിര്‍മാണത്തിനു പണം കണ്ടെത്തുന്നതിനായി രംഗത്തിറങ്ങാന്‍ പി.ടി.എ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് രണ്ടിന് സ്കൂളില്‍ ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."