ബലാത്സംഗക്കേസ് പ്രതി പ്രജാപതിക്ക് ജാമ്യമനുവദിച്ച ജഡ്ജിക്ക് സസ്പെന്ഷന്
ലക്നോ: ബലാത്സംഗക്കേസില്‍ പ്രതിയായ സമാജ്വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം നല്കിയ സെഷന്‍സ് കോടതി ജഡ്ജിക്ക് സസ്പെന്ഷന്. അലഹബാദ് ഹൈകോടതിയിലെ ലക്നോ ബഞ്ചിന്റേതാണ് തീരുമാനം.
ജാമ്യം നല്കിയ ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തര്‍ പ്രദേശ് മുന്‍ മന്ത്രി കൂടിയായ ഗായത്രി പ്രജാപതിക്ക് പോക്സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു.
പ്രജാപതിയുടെസ ജാമ്യത്തെ ചോദ്യം ചെയ്ത് യോഗി ആദിത്യനാഥ് സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്.
സുപ്രിം കോടതി നിര്‍ദേശ പ്രകാരം മാര്‍ച്ച് 15നാണ് പ്രജാപതി അറസ്റ്റിലായത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രജാപതി കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും നുണ പരിശോധനക്ക് വിധേയനാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
49കാരനായ മന്ത്രിയും ആറ് കൂട്ടു പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. 2014 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ വരെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
തന്റെ കുഞ്ഞിനെയും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 2016 ഒക്ടോബറില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതെന്ന് യുവതി പറയുന്നു. ഫെബ്രുവരി 17നാണ് പ്രജാപതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."