മത്സ്യമേഖലയില്‍ 'മില്‍മ' മോഡല്‍ നടപ്പാക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം : മത്സ്യമേഖലയിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം അര്‍ഹതപ്പെട്ടവരില്‍ എത്തുന്നതിന് 'മില്‍മ' മോഡല്‍ നടപ്പാക്കണമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ. പാല്‍ അളക്കുന്നവര്‍ക്കു മാത്രം സഹായം നല്‍കുന്ന മില്‍മയെ മാതൃകയാക്കി സര്‍ക്കാര്‍ സഹായം യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും പരമിതിപ്പെടുത്തണം.
എങ്കിലേ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഫലങ്ങള്‍ പൂര്‍ണമായി ലഭിക്കൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ട്രേഡ് യൂനിയനുകളുടെ സഹായം മന്ത്രി അഭ്യര്‍ഥിച്ചു. മത്സ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും ബോട്ട് ഉടമാ അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രോളിംഗ് സമയത്തുളള ആശ്വാസസഹായ വിതരണത്തിനായി 58 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനുളള നിരവധി മാര്‍ഗങ്ങളില്‍ ഒന്നായാണ് ട്രോളിംഗ് നിരോധനം സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ ഇതിനായി പൂര്‍ണ മത്സ്യബന്ധനനിരോധനം വേണമെന്നുളള ചില സംഘടനകളുടെ ആവശ്യം ശരിയല്ല.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കാനാകില്ല. സംസ്ഥാനത്ത് ഹാര്‍ബറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കുന്ന ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടികളെടുക്കും. പരപ്പനങ്ങാടിയിലും പൊഴിയൂരിലും പുതിയ ഹാര്‍ബറുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, ഫിഷറീസ് പ്രിന്‍സിപല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ആര്‍. അഗസ്റ്റിന്‍ ഗോമസ്, പി.കെ നവാസ്, റ്റി പീറ്റര്‍, ഉമ്മര്‍ ഓട്ടുമ്മല്‍, പി.പി. പ്രസാദ്, സീറ്റാദാസന്‍, പുല്ലുവിള സ്റ്റാന്‍ലി, ചാള്‍സ് ജോര്‍ജ്, നൂറുദീന്‍, പീറ്റര്‍ മര്‍ത്യാസ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കാള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."